ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായി ഭാരതാംബ: ആര്‍.എസ്.എസ് ശതാബ്ദിയില്‍ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

ഇതിനൊപ്പം ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായി ഭാരത് മാതയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായാണ് ഭാരതാംബയെ ഉള്‍പ്പെടുത്തുന്നത്. ഇതിനൊപ്പം ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.

100 രൂപ നാണയത്തില്‍ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അര്‍പ്പണബോധത്തോടെയും സ്വയംസേവകര്‍ ഭാരതാംബയ്ക്കു മുന്നില്‍ പ്രണമിക്കുന്നതായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.

'എല്ലാം രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല' എന്നര്‍ത്ഥം വരുന്ന 'രാഷ്ട്രേ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ' എന്ന ആര്‍.എസ്.എസ് മുദ്രാവാക്യവും നാണയത്തില്‍ ഉണ്ട്.

'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ഭാരതമാതാവിന്റെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ആലേഖനം ചെയ്തിരിക്കുന്നു, ഇത് വലിയ അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷത്തെ അടയാളപ്പെടുത്തുന്നു,' എന്നാണ് പ്രധാനമന്ത്രി മോദി പ്രകാശന ചടങ്ങില്‍ പറഞ്ഞത്.

1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍.എസ്.എസ് സ്വയംസേവകര്‍ പങ്കെടുത്തത് എടുത്തുകാണിക്കുന്ന തപാല്‍ സ്റ്റാമ്പ്, സംഘടനയുടെ ചരിത്രപരമായ സംഭാവനകള്‍ക്ക് അടിവരയിടുന്നു. ഭാരതമാതാവിനും ആര്‍.എസ്.എസിന്റെ ഒരു നൂറ്റാണ്ട് നീണ്ട സേവന-സമര്‍പ്പണ യാത്രയ്ക്കും അഭിമാനകരമായ ആദരാഞ്ജലിയായി പ്രധാനമന്ത്രി മോദി ഈ നിമിഷത്തെ വിശേഷിപ്പിച്ചു.

സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവര്‍ പങ്കെടുത്തു.

1925 ല്‍ നാഗ്പൂരില്‍ കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആണ് ആര്‍.എസ്.എസ് സ്ഥാപിച്ചത്. പൗരന്മാര്‍ക്കിടയില്‍ സാംസ്‌കാരിക അവബോധം, അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സന്നദ്ധസേവന സംഘടനയായി ഇത് മാറി.

ആര്‍.എസ്.എസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും രാഷ്ട്രനിര്‍മ്മാണത്തിലെ പങ്കാളിത്തവും എടുത്തുകാണിക്കുക എന്നതാണ് ആഘോഷങ്ങളുടെയും റിലീസുകളുടെയും ലക്ഷ്യം. രക്തദാന പരിപാടികള്‍, ഭക്ഷണ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നിരുന്നു.

Related Articles
Next Story
Share it