ഇന്ത്യക്കാരെ കയ്യാമം വച്ച് നാടുകടത്തിയ സംഭവം; ട്രംപിനെ പ്രതിഷേധം അറിയിക്കാന്‍ മോദി

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കത്തില്‍ യുഎസിന്റെ നടപടിയെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ നിലപാട് തിരുത്തി സംഭവത്തില്‍ ആശങ്കകള്‍ അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ പ്രതിഷേധം ട്രംപിനെ നേരിട്ടറിയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.
ഈ മാസം 12നും 13നും ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് സന്ദര്‍ശിക്കുന്നത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. അനധികൃതമായി താമസിച്ചതിന് പിടികൂടിയ ഇന്ത്യക്കാരെ കയ്യാമം വച്ചും കാലിനും അരയിലും ചങ്ങലയിട്ടും കുറ്റവാളികളെപ്പോലെയാണ് യുഎസ് സൈനിക വിമാനത്തില്‍ അമൃത്സറിലെത്തിച്ചത്. സ്ത്രീകളടക്കമുള്ള 104 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവം വാര്‍ത്തയായതോടെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉടലെടുത്തു. അനധികൃത കുടിയേറ്റത്തിന് പിടിയിലായ 96 പേരുടെ രണ്ടാമത്തെ സംഘം അടുത്ത ദിവസം എത്തുമെന്നാണ് കണക്കുകൂട്ടല്‍.