പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത് ആദ്യം
ഏതാനും ദിവസത്തെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത് ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഏതാനും ദിവസത്തെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബിറോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പഹല്‍ഗാമില്‍ ഏപ്രില്‍ രണ്ടിലെ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക്ക് സംഘര്‍ഷമുണ്ടായത്. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്ക് വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദര്‍ശനം പാതിയില്‍ നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പല പൊതുപരിപാടികളിലും പങ്കെടുത്തു. അതിനിടെ പാകിസ്ഥാനെതിരായ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം നടത്തുകയും പ്രതിരോധ സേനകള്‍ക്ക് മുന്നോട്ട് പോകാന്‍ പൂര്‍ണ അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് കടന്നപ്പോള്‍ ഡല്‍ഹിയിലെ വസതിയില്‍ നിരന്തരം കൂടിയാലോചനകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. രണ്ട് തവണ സര്‍വകക്ഷി യോഗം ചേര്‍ന്നപ്പോഴും അദ്ദേഹം പങ്കെടുക്കുകയോ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല.
വെടിനിര്‍ത്തലിന് ശേഷം പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.