വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷമുള്ള ആദ്യ സന്ദര്‍ശനം; നരേന്ദ്ര മോദി സെപ്റ്റംബര്‍ 13 ന് മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളിലേക്ക്

സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പ് നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13 ന് മണിപ്പൂരും മിസോറാമും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഐസ്വാളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 51.38 കിലോമീറ്റര്‍ നീളമുള്ള പുതിയ ബൈറാബി-സൈരാങ് റെയില്‍വേ പാതയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി മിസോറാം സന്ദര്‍ശിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ മേഖലയിലുടനീളം കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ ആക്ട് ഈസ്റ്റ് നയപ്രകാരമുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണ് ഈ പുതിയ പദ്ധതി. വിശദാംശങ്ങള്‍ അനുസരിച്ച്, പ്രവേശനക്ഷമതയും വ്യാപാര അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനായി അസമിലെ സില്‍ച്ചാര്‍ വഴി ഐസ്വാളിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഈ റെയില്‍വേ ലൈന്‍ ബന്ധിപ്പിക്കും.

മിസോറാമിലെ പരിപാടി അവസാനിപ്പിച്ച ശേഷം, പ്രധാനമന്ത്രി മോദി മണിപ്പൂരിലേക്ക് പറക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2023 മെയ് മാസത്തില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി സംസ്ഥാനത്ത് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. പ്രതിപക്ഷം ഇക്കാര്യം ഉയര്‍ത്തി രാജിയസഭയിലും ലോക് സഭയിലും നിരവധി തവണ പ്രതിഷേധം നടത്തിയെങ്കിലും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ കലാപം തുടങ്ങി രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിസോറാം ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും, സന്ദര്‍ശനത്തിന്റെ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇംഫാലിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളുമായും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും പ്രധാനമന്ത്രിയുടെ വരവിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം ഒരു അവലോകന യോഗം നടത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍, ഗതാഗത നിയന്ത്രണം, പൊതു സ്വീകരണം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. ഐസ്വാളിലെ ലമ്മൗളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം അധികൃതര്‍ ഒരുക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം.

2023 മെയ് മുതല്‍, സംസ്ഥാനം പ്രധാനമായും മെയ്തി, കുക്കി-സോ സമുദായങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. 260 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും, 60,000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും സ്വത്ത് നശിപ്പിക്കുന്നതിനും, ആയിരക്കണക്കിന് ആളുകളുടെ കുടിയിറക്കത്തിനും ഈ വംശീയ അക്രമം കാരണമായി. മണിപ്പൂര്‍ നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ്. അന്നത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ഫെബ്രുവരി 9 ന് രാജിവച്ചതിനെത്തുടര്‍ന്ന് 2025 ഫെബ്രുവരി 13 ന് ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 2027 വരെയാണ് ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി.

Related Articles
Next Story
Share it