ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ 'കൗതുകം കൂടി' എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍
വാരണാസിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം

വാരണാസി: ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച വൈകുന്നേരം വാരണാസിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 6:45 ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന QP 1497 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം റണ്‍വേയിലേക്ക് ടാക്‌സി ചെയ്യുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ യാത്രക്കാരനായ സുജിത് സിംഗ് പെട്ടെന്ന് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് കാണാനിടയായ ക്യാബിന്‍ ക്രൂ പെട്ടെന്ന് പ്രതികരിക്കുകയും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ വിമാനം ഏപ്രണിലേക്ക് മടങ്ങി, എല്ലാ യാത്രക്കാരെയും സുരക്ഷാ പരിശോധനയ്ക്കായി ഇറക്കി. തുടര്‍ന്ന് എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച വിരുതനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൗന്‍പൂര്‍ ജില്ലയിലെ ഗൗര ബാദ് ഷാപൂര്‍ നിവാസിയാണ് അറസ്റ്റിലായ സുജിത് സിംഗ്.
ഫൂല്‍പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പ്രവീണ്‍ കുമാര്‍ സിംഗ് ചോദ്യം ചെയ്തപ്പോള്‍, 'കൗതുകം കൊണ്ടാണ്' എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. പിന്നീടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സമഗ്രമായ പരിശോധനയ്ക്കും അനുമതിക്കും ശേഷം, വിമാനം പുറപ്പെടേണ്ട സമയത്തിന് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ്, 7:45 ന് ആണ് മുംബൈയിലേക്ക് പുറപ്പെട്ടത്.

