പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം; വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി:പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഏപ്രില്‍ 4 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം. മണ്ഡല പുനനിര്‍ണയം, ഭാഷാ നയം, വഖഫ് ബില്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയാകാനുള്ള സാധ്യതകള്‍ കാണുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസുമായുള്ള തീരുവ പ്രശ്‌നം, ഒരേ നമ്പറില്‍ 2 സംസ്ഥാനങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയേക്കും.

വിവിധ ധനകാര്യ ബില്ലുകള്‍ സഭയില്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള മണിപ്പുരിനുള്ള പ്രത്യേക ബജറ്റും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിക്കും. മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, ഗ്രാന്റുകള്‍ക്ക് അനുമതി, വഖഫ് ബില്‍ പാസാക്കല്‍ എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന അജന്‍ഡകള്‍. മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രമേയവും അവതരിപ്പിക്കുന്നുണ്ട്.

പ്രതിപക്ഷം ഭരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തില്‍ തമിഴ് നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പാര്‍ട്ടി പ്രതിനിധികളെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഡിഎംകെ അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചേക്കും.

Related Articles
Next Story
Share it