പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; പ്രതിരോധിച്ച് ഇന്ത്യന്‍ സേന
ശത്രു രാജ്യത്തിന്റെ ആക്രമണം യാത്രാ വിമാനങ്ങളെ മറയാക്കി

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെ അടക്കം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക് സേന ആക്രമണം നടത്തിയതെന്നും അതെല്ലാം ഇന്ത്യന്‍ സേന ഫലപ്രദമായി തടഞ്ഞുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്.
മേയ് എട്ടിന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്ഥാന്‍ സൈന്യം ഇന്ത്യയിലെ വിവിധ അതിര്‍ത്തി മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 കേന്ദ്രങ്ങളിലായി 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണ ശ്രമം. ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യ തകര്‍ത്തു. തകര്‍ത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധന നടന്നു വരികയാണ്. തുര്‍ക്കി നിര്‍മിത അസിസ് ഗാര്‍ഡ് സോംഗര്‍ ഡ്രോണുകളാണ് പാകിസ്ഥാന്‍ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആയുധമടങ്ങിയ യുഎവി ഉപയോഗിച്ച് ഭട്ടിന്‍ഡ സൈനിക കേന്ദ്രം ആക്രമിക്കാന്‍ നടത്തിയ നീക്കം സൈന്യം ഇല്ലാതാക്കി. ഇതിനു പകരമായി പാകിസ്ഥാനിലെ നാലു വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ആംഡ് ഡ്രോണ്‍ ആക്രമണം നടത്തി.
കശ്മീരിലെ നിയന്ത്രണരേഖയിലെ ഉറി, പൂഞ്ച്, മെന്‍ധര്‍, രജൗരി, അഖ്‌നൂര്‍, ഉധംപുര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെറിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലും, നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകള്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതായും എന്നാല്‍ പാകിസ്ഥാനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സേനക്ക് സാധിച്ചതായും മിസ്രി വ്യക്തമാക്കി. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു. ഇന്ത്യയുടെ തിരിച്ചടിയെ പ്രതിരോധിക്കുന്നതിനായി യാത്രാ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കി. മേയ് എട്ടിന് രാത്രിയും 9ന് പുലര്‍ച്ചെയുമായി പാകിസ്ഥാന്‍ ഇന്ത്യയ്ക്കുനേരെ ആക്രമണശ്രമങ്ങള്‍ നടത്തിയ സമയം പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നില്ല, യാത്രാവിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമില്‍ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനം പറന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
മേയ് ഏഴിന് രാത്രി ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയ്ക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മുതിരുകയും അത് പരാജയപ്പെടുകയും ചെയ്തിട്ടും പാകിസ്ഥാന്‍ യാത്രാ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിട്ടില്ല. ഇന്ത്യയ്ക്കു നേരെയുള്ള ഏതൊരു ആക്രമണവും ദ്രുതഗതിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുമെന്നറിയുന്നതിനാല്‍ യാത്രാവിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കി ഉപയോഗിക്കുകയാണ്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങളെ സംബന്ധിച്ച് ഇത് സുരക്ഷിതമല്ല. ഫ് ളൈറ്റ് റഡാല്‍ നിരീക്ഷണ വെബ് സൈറ്റുകളുടെ വിവരമനുസരിച്ച് ഇന്ത്യയുടെ ഭാഗത്ത് ഒരു യാത്രാവിമാനവും കാണാനില്ല. മറിച്ച് പാകിസ്ഥാന്‍ വ്യോമപാതയില്‍ ഒട്ടേറെ യാത്രാവിമാനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. കറാച്ചിക്കും ലഹോറിനും ഇടയിലെ വ്യോമപാതയിലാണ് ഇവ പറക്കുന്നത്.
ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്താന്‍ ആക്രമണത്തില്‍ തകര്‍ന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാര്‍ത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു.
ആക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
VIDEO | PM Modi (@narendramodi) chaired a high-level meeting at his residence earlier today with Defence Minister Rajnath Singh, National Security Advisor Ajit Doval, and Service Chiefs among others.
— Press Trust of India (@PTI_News) May 9, 2025
(Source: Third Party) pic.twitter.com/nLL36pKBrT