പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന് 22 ദിവസത്തിന് ശേഷം മോചനം
എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബി.എസ്.എഫ്

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന് 22 ദിവസത്തിന് ശേഷം മോചനം. പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23ന് പാക്ക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ജവാന്‍ പി.കെ.ഷായെ (പൂര്‍ണം കുമാര്‍ ഷാ) ആണ് മോചിപ്പിച്ചത്.
അട്ടാരി അതിര്‍ത്തി വഴി ജവാന്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയതായി ബി.എസ്.എഫ് അറിയിച്ചു. രാവിലെ പത്തര മണിക്ക് എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബി.എസ്.എഫ് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായപ്പോഴും പാകിസ്ഥാന്‍ ഇതേ വാഗ അട്ടാരി അതിര്‍ത്തി വഴിയാണ് കൈമാറ്റം നടത്തിയത്.
അതിര്‍ത്തിയില്‍ കര്‍ഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ജവാന്‍ പിടിയിലാകുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ മരിച്ചതിന് പിറ്റേ ദിവസമായിരുന്നു സംഭവം. അതിര്‍ത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാന്‍. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണല്‍ തേടി നീങ്ങിയപ്പോഴാണ്, രാജ്യാന്തര അതിര്‍ത്തി മുറിച്ചു കടന്നുവെന്ന പേരില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ഷായെ കസ്റ്റഡിയിലെടുത്തത്.
ബി.എസ്.എഫ് 182ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുര്‍ സെക്ടറിലായിരുന്നു പൂര്‍ണം. പിടിയിലാകുന്നതിനു മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞ് തിരികെപ്പോയത്. ഇന്ത്യ-പാക്ക് സംഘര്‍ഷമുണ്ടായതോടെ ജവാനെ വിട്ടുകിട്ടുന്നതില്‍ അനിശ്ചിതത്വമുണ്ടായി.
അതിര്‍ത്തിയില്‍ കര്‍ഷകരുടെ തുണയ്ക്കായുള്ള 'കിസാന്‍ ഗാര്‍ഡ്' ഡ്യൂട്ടിക്കിടെയാണ് പി.കെ.ഷാ പാകിസ്ഥാന്റെ പിടിയിലായത്. വേനല്‍ക്കാലത്ത് അതിര്‍ത്തിക്കും സീറോ ലൈനിനുമിടയില്‍ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളില്‍ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതല്‍ 5 മണിവരെ ബി.എസ്.എഫിന്റെ നിരീക്ഷണത്തില്‍ ഇവിടെ കര്‍ഷകര്‍ക്ക് സഞ്ചരിക്കാം.
3323 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്താണ് ബി.എസ്.എഫ് കാവലുള്ളത്. സാധാരണ അതിര്‍ത്തി മുറിച്ചു കടക്കുന്ന സംഭവങ്ങളുണ്ടായാല്‍ ഉദ്യോഗസ്ഥ തലത്തിലെ ഫ് ളാഗ് മീറ്റിങ്ങിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പതിവ്. എന്നാല്‍ ഇന്ത്യ-പാക്ക് സംഘര്‍ഷമുണ്ടായതോടെ ചര്‍ച്ചകള്‍ നീണ്ടുപോയി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു.