ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്‍
227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്‍. ബുധനാഴ്ചയാണ് സംഭവം. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് (6E 2142) അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോഴാണ് ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് അപായസൂചന നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.
227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കിയിരിക്കുകയാണ്.
വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിന്‍ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത് യാത്രക്കാര്‍ കുറിച്ചത്.
മെയ് 21 ന് വൈകുന്നേരമാണ് ഇന്‍ഡിഗോ വിമാനം 6E 2142 ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. പൈലറ്റ് ശ്രീനഗറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടല്‍ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഓബ്രയന്‍, നദിമുല്‍ ഹക്ക്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമത താക്കൂര്‍ തുടങ്ങിയവര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പാകിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള വ്യോമാതിര്‍ത്തി അടച്ചിരുന്നു. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനും അനുവാദമില്ല.
We had a narrow escape from Delhi to Srinagar flight indigo. Special thanks to the captain and cabin crew. @indigo @GreaterKashmir @RisingKashmir pic.twitter.com/KQdJqJ7UJz
— I_am_aaqib (@am_aaqib) May 21, 2025