ഇന്ത്യയുടെ തിരിച്ചടി ഭയന്ന് തിരക്കിട്ട നടപടികളിലേക്ക് പാകിസ്ഥാന്‍; കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞു, വാഗ അതിര്‍ത്തി അടച്ചു
സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി.

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് തിരക്കിട്ട നടപടികളിലേക്ക് പാകിസ്ഥാന്‍ കടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. അക്രമം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ഗില്‍ഗിറ്റ്, സ്‌കാര്‍ഡു, പാക് അധീന കശ്മീരിലെ മറ്റു വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും പാക്കിസ്ഥാന്‍ റദ്ദാക്കി. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സുരക്ഷ, നിരീക്ഷണ പ്രോട്ടോക്കോളുകള്‍ വലിയതോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കം രൂക്ഷമാകുന്നു. പാക് പൗരന്‍മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. ഏപ്രില്‍ 30 മുതല്‍ അതിര്‍ത്തി അടച്ചിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാതയടച്ച് ഇന്ത്യ അടുത്ത തിരിച്ചടി പാകിസ്ഥാന് നല്‍കിയത്. കപ്പല്‍ ഗതാഗതം നിരോധിക്കാനും, ഇറക്കുമതിയടക്കം വാണിജ്യ ബന്ധം ഉപേക്ഷിക്കാനുമുള്ള തുടര്‍ ചര്‍ച്ചകളിലാണ് ഇന്ത്യ.
കഴിഞ്ഞദിവസം വിവിധ മന്ത്രലായ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിച്ചിരുന്നു. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിന്റെ പുരോഗതി കരസേന മേധാവി കഴിഞ്ഞദിവസം പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.
അതിനിടെ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചിട്ടും തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം. മൂന്ന് മേഖലകളില്‍ രാത്രി പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു, എന്നാല്‍ ഇന്ത്യ ഫലപ്രദമായി നേരിട്ടു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.