പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് സര്‍ക്കാര്‍

അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് സര്‍ക്കാര്‍. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകളാണ് നിരോധിച്ചത്. പഹല്‍ ഗ്രാം ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്, അതില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികള്‍ ആയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശകളെ തുടര്‍ന്നാണ് തീരുമാനം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പ്രകോപനപരവും വര്‍ഗീയവും സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരാക്രമണത്തിന് ശേഷം ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിര്‍ത്തി ഗ്രാമങ്ങളില്‍ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളില്‍ പലരെയും മാറ്റി പാര്‍പ്പിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്നവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എന്‍ഐഎ സംഘം. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം എന്‍ഐഎ സംഘമെത്തും. കര്‍ണ്ണാടകയില്‍ ഭരത് ഭൂഷന്റെ കുടുംബത്തെ അന്വേഷണ സംഘം ഇന്ന് കാണും.

അതേസമയം, പാക് പൗരന്‍മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതി ആളുകള്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകള്‍ തേടും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവര്‍ തിരികെയെത്തുന്നത്.

ഞായറാഴ്ച രാത്രി 10 വരെയാണ് രാജ്യം വിടാന്‍ പാക് പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്. അട്ടാരി അതിര്‍ത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവില്‍ സര്‍ക്കാരിന്റെ കൈവശമുള്ളത്. ഞായറാഴ്ച മാത്രം 237 പാക് പൗരന്‍മാരാണ് മടങ്ങിയത്.

അനുവദിച്ച മെഡിക്കല്‍ വിസയുടെ കാലാവധി ചൊവ്വാഴ്ച കഴിയും. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാര്‍ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേര്‍ക്ക് നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചിരുന്നു. കുടുംബമായി ദീര്‍ഘകാല വിസയില്‍ കേരളത്തില്‍ താമസിച്ച് വരുന്നതിനാലാണിത്.

Related Articles
Next Story
Share it