പഹല്‍ഗാം ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും; സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം
എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 28 പേരില്‍ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ് കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടി.ആര്‍.എഫ് ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡെല്‍ഹിയിലെത്തിയത്. പിന്നാലെ പഹല്‍ഗാം സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ യോഗം ആരംഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ടെക്‌നിക്കല്‍ ഏരിയയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേര്‍ന്നത്. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ അടക്കം ലോകരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു. അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഇന്ത്യ - സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. സൗദി കിരീടാവകാശി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 കൊല്ലപ്പെട്ടെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ എണ്ണം 28 ആയി. 27 പുരുഷന്‍മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ് മോര്‍ട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍.ഐ.എ സംഘം ഇന്ന് കശ്മീരിലെത്തും.