വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; നിമിഷ പ്രിയയുടെ മോചനത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഇടപെടുന്നതില്‍ പരിധി ഉണ്ടെന്നും അഭിഭാഷകന്‍

ന്യൂഡല്‍ഹി: യെമനില്‍ നഴ്സായ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിമിഷ പ്രിയയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

'സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല... യെമന്റെ സെന്‍സിറ്റിവിറ്റി നോക്കുമ്പോള്‍... അത് നയതന്ത്രപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല,' എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എ.ജി. വെങ്കിട്ടരമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, സ്വകാര്യ മാര്‍ഗങ്ങളിലൂടെ നിമിഷ പ്രിയയെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അതിന് വളരെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

'ഇന്ത്യന്‍ സര്‍ക്കാരിന് പോകാന്‍ കഴിയുന്ന ഒരു പരിധിയുണ്ട്. ഞങ്ങള്‍ അതില്‍ എത്തിയിരിക്കുന്നു. യെമന്‍ ലോകത്തിലെ മറ്റേതൊരു രാജ്യത്തെയും പോലെയല്ല. പരസ്യമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്ഥിതി സങ്കീര്‍ണ്ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല, സ്വകാര്യ തലത്തിലാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,' എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കേരളത്തിലെ പാലക്കാട് ജില്ലയിലെ താമസക്കാരിയായിരുന്ന നിമിഷ പ്രിയ കൊലപാതകക്കുറ്റത്തിന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്. ജൂണ്‍ 16 ന് ആണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ജയിലിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരിമിതികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, യെമനില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഒരു മാര്‍ഗവുമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

'സര്‍ക്കാരിനോട് അതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയില്ല... അത് വളരെ നിര്‍ഭാഗ്യകരമാണ്- എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2011 ല്‍ ജോലിക്ക് വേണ്ടിയാണ് നിമിഷ പ്രിയ കുടുംബത്തോടൊപ്പം യെമനിലേക്ക് പോയത്. അവിടെ വച്ച് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവും മകളും മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. നിമിഷ പ്രിയ കുടുംബത്തെ നോക്കാന്‍ അവിടെ തന്നെ തുടര്‍ന്നു. സ്വന്തമായി ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചു. അതിനായി അവര്‍ തലാല്‍ അബ്ദോ മഹ്ദി എന്ന യെമന്‍ പൗരനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇതിനിടെ മഹ്ദി നിമിഷ പ്രിയയെ ശാരീരികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. പാസ്പോര്‍ട്ട് കൈക്കലാക്കാനും യെമനില്‍ നിന്ന് പലായനം ചെയ്യാനും നിമിഷ മഹ്ദിയെ അമിത ഡോസ് മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. മഹ്ദിയുടെ കൊലപാതകത്തില്‍ കുറ്റം ചുമത്തി 2020 ല്‍ നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു.

ജൂലായ് 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Related Articles
Next Story
Share it