ഫലം വന്ന് 12 ദിവസം:ഡല്‍ഹിയില്‍ മുഖ്യനെ പ്രഖ്യാപിച്ചില്ല; രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഡെല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. കാത്തുകാത്തിരുന്ന വിജയം എന്നുതന്നെ പറയാം. എഎപി അധികാരത്തിലെത്തിയശേഷം താഴെ ഇറക്കാന്‍ എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എഎപിയിലെ മുതിര്‍ന്ന നേതാക്കളെ അടക്കം പരാജയപ്പെടുത്തി ബിജെപി ഭരണം പിടിച്ചെങ്കിലും ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ബിജെപിക്ക് തലവേദനയായിരിക്കയാണ്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. ഡല്‍ഹിയുടെ ഭരണം പ്രതിസന്ധിയിലാണെന്നും വിവിധ ഭാഗങ്ങളില്‍ സേവനങ്ങള്‍ എത്തിക്കുന്നതില്‍ തടസ്സം നേരിടുന്നതായും മുഖ്യ എതിരാളിയായ എഎപി ആരോപിച്ചിരുന്നു. ബിജെപിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം നിമിത്തമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതെന്നാണ് ഇവരുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനം കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പാര്‍ട്ടി തീരുമാനം നീളുന്നത് എന്നായിരുന്നു ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ആദ്യ വിശദീകരണം. എന്നാല്‍ ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങി എത്തിയിട്ടും ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ചര്‍ച്ചകളിലെ ഐക്യമില്ലായ്മയാണ് തീരുമാനം വൈകിക്കുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ബിജെപി നിയമസഭാ കക്ഷിയോഗം തിങ്കളാഴ്ച ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച മൂന്നുമണിക്ക് തിരഞ്ഞെടുക്കപ്പെട്ട 48 ബിജെപി നിയുക്ത എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ യോഗം മാറ്റിയതോടെ തീരുമാനം ഇനിയും നീളുമെന്ന് ഉറപ്പായി. ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന റിപ്പോര്‍ട്ട്.
കാത്തുകാത്തിരുന്ന വിജയമായതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിപുലമായി നടത്താനാണ് ബിജെപിയുടെ ആലോചന. ബിജെപിയുടെ മുഴുവന്‍ എംപിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ രാജ്യത്തെ ബിജെപി, എന്‍ഡിഎ സഖ്യകക്ഷികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ഡല്‍ഹിയിലേക്ക് ക്ഷണിക്കുമെന്നാണ് കരുതുന്നത്.