വിശാഖപട്ടണം ചാരവൃത്തി കേസ്; മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: പാക്കിസ്ഥാന്‍ ഐ.എസ്.ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കൊച്ചിയില്‍ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതന്‍ ലക്ഷ്മണ്‍ ടണ്ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാര്‍വാര്‍ നാവിക താവളത്തിലെയും കൊച്ചി നാവിക താവളത്തിലെയും ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന കുറ്റം ചുമത്തിയാണ് കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേന്ദ്രസര്‍ക്കാര്‍ 'പ്രൊജക്റ്റ് സീബേര്‍ഡ്' പ്രകാരം വികസിപ്പിച്ചെടുത്ത കാര്‍വാര്‍ നാവിക താവളത്തെ ഇന്ത്യന്‍ നാവികസേനയുടെ ഒരു പ്രധാന തന്ത്രപ്രധാന താവളമായാണ് കണക്കാക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പി.ഐ.ഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും പണത്തിനായി ഇവര്‍ പങ്കുവച്ചു എന്നാണ് കണ്ടെത്തല്‍.

'പ്രതികള്‍ രണ്ട് നാവിക താവളങ്ങളിലെ കരാര്‍ ജീവനക്കാരായിരുന്നു, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ നിരവധി ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ പങ്കിട്ടു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുവരും' - എന്നും എന്‍ ഐ എ പറഞ്ഞു.

2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ ആണ് എന്‍ഐഎ ഏറ്റെടുത്തത്. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍ സജീവമായിരുന്നു. ഒളിവില്‍ പോയ മറ്റൊരു പി.ഐ.ഒ ആല്‍വെന്‍, മന്‍മോഹന്‍ സുരേന്ദ്ര പാണ്ഡ, അമാന്‍ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

2024 ഓഗസ്റ്റില്‍ നാവിക താവളത്തിലെ വിവര ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള എന്‍.ഐ.എ സംഘങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു. അപ്പോഴാണ് കേസുമായുള്ള കാര്‍വാര്‍ ബന്ധം പുറത്തുവരുന്നത്. ഫെയ്‌സ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥയായി ചമഞ്ഞെത്തിയ പാക്കിസ്ഥാന്‍ ഏജന്റ് പ്രതികളെ ഹണിട്രാപ്പില്‍ കുടുക്കിയതായും കണ്ടെത്തി.

2023ല്‍ ആ സ്ത്രീ അവരുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടി. കാര്‍വാര്‍ നാവിക താവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറി. പകരം 8 മാസത്തേക്ക് പ്രതിമാസം 5,000 രൂപ നല്‍കിയതായും കണ്ടെത്തി.

2023ല്‍ വിശാഖപട്ടണത്ത് എന്‍.ഐ.എ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും അന്വേഷണത്തിലൂടെ വ്യക്തമായി. ദീപക്കിനും കൂട്ടാളികള്‍ക്കും ഫണ്ട് കൈമാറാന്‍ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ട് തന്നെയാണ് വേതന്‍ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നല്‍കാനും ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്റ്റിലായതോടെ കാര്‍വാര്‍ ആസ്ഥാനമായുള്ള പ്രതികള്‍ക്കുള്ള പണം വരവ് നിലച്ചു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഓഗസ്റ്റ് 27ന് എന്‍ഐഎ സംഘങ്ങള്‍ കാര്‍വാറില്‍ എത്തിയത്.

Related Articles
Next Story
Share it