ദേശീയപാതകളില്‍ ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി എന്‍.എച്ച്.എ.ഐ: അവശ്യ വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ ലഭിക്കും

ക്യുആര്‍ കോഡുകളിലൂടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ സമഗ്രമായ പട്ടികയും പ്രദര്‍ശിപ്പിക്കുമെന്ന് എന്‍.എച്ച്.എ.ഐ

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ദേശീയ പാതകളില്‍ പ്രത്യേക ക്യുആര്‍ കോഡുള്ള വലിയ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ). നടപടി എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. ക്യുആര്‍ കോഡുകളിലൂടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ സമഗ്രമായ പട്ടികയും പ്രദര്‍ശിപ്പിക്കുമെന്ന് എന്‍.എച്ച്.എ.ഐ അറിയിച്ചു.

ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകളില്‍ ദേശീയപാത നമ്പര്‍, ഹൈവേ ചെയിനേജ്, ഹൈവേ പട്രോള്‍ ടീമിന്റെ ഫോണ്‍ നമ്പറുകള്‍, ടോള്‍ മാനേജരുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍, റസിഡന്റ് എഞ്ചിനീയര്‍, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ 1033 എന്നിവ പോലുള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുമെന്ന് ഹൈവേ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ നിങ്ങളെ എങ്ങനെ സഹായിക്കും?

ഹൈവേ സൗകര്യങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ടോള്‍ പ്ലാസകള്‍, ട്രക്ക് പാര്‍ക്കിംഗ് ഏരിയകള്‍, ഹൈവേ സ്റ്റാര്‍ട്ട്/എന്‍ഡ് പോയിന്റുകള്‍, മറ്റ് സൈനേജ് ഏരിയകള്‍ എന്നിവയ്ക്ക് സമീപം സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ അടിയന്തര, പ്രാദേശിക വിവരങ്ങളിലേക്ക് മികച്ച ആക്സസ് നല്‍കുന്നതിലൂടെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള ദേശീയ പാതകളെക്കുറിച്ചുള്ള ഉപയോക്തൃ അനുഭവവും അവബോധവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

ടോള്‍ നിയമങ്ങള്‍ മാറ്റും

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ടോള്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. നിങ്ങളുടെ വാഹനത്തിന് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിലോ ഏതെങ്കിലും കാരണത്താല്‍ അത് പ്രവര്‍ത്തിക്കുന്നില്ലെങ്കിലോ, നിങ്ങള്‍ ഇരട്ടി ടോള്‍ നല്‍കേണ്ടതില്ല. നിങ്ങള്‍ യു.പി.ഐ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍, ബാധകമായ ടോള്‍ നിരക്കിന്റെ 1.25 മടങ്ങ് മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ നിങ്ങള്‍ പണമായി അടയ്ക്കുകയാണെങ്കില്‍ ഇരട്ടി ടോള്‍ നല്‍കേണ്ടിവരും. ഈ പുതിയ നിയമം 2025 നവംബര്‍ 15 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഫാസ്റ്റ് ടാഗ് അല്ലാത്ത ഉപയോക്താക്കള്‍ക്കുള്ള പണമിടപാടുകള്‍ ഇല്ലാതാക്കുന്നതിനുമായി 2008 ലെ നാഷണല്‍ ഹൈവേ ടോള്‍ (നിരക്കുകളുടെ നിര്‍ണ്ണയവും ശേഖരണവും) നിയമങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഭേദഗതി ചെയ്തതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Related Articles
Next Story
Share it