നീറ്റ് യുജി പരീക്ഷയുടെ തയാറെടുപ്പില്‍ വിദ്യാര്‍ഥികള്‍; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 22.7 ലക്ഷം പേര്‍
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പതിവ് പോലെ ഇത്തവണയും ഡ്രസ് കോഡ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നീറ്റ് യുജിയുടെ തയാറെടുപ്പില്‍ വിദ്യാര്‍ഥികള്‍. ഉച്ച കഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് പരീക്ഷ. 500 നഗരങ്ങളില്‍ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷ എഴുതാന്‍ 22.7 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയും പരിശോധനയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. ഇത്തവണ ഭൂരിഭാഗം പരീക്ഷാകേന്ദ്രങ്ങളും സര്‍ക്കാര്‍, എയ്ഡഡ്, കോളജുകള്‍, സര്‍വകലശാലകള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാര്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
അഡ് മിറ്റ് കാര്‍ഡും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വിദ്യാര്‍ത്ഥികള്‍ കൊണ്ടുപോകണം. അതോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും വേണം. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ് പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നും കരുതിയിരിക്കണം.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പതിവ് പോലെ ഇത്തവണയും ഡ്രസ് കോഡ് നല്‍കിയിട്ടുണ്ട്. ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശമുണ്ട്. ഷൂസ് ധരിച്ച് പരീക്ഷാ ഹാളില്‍ കയറാനാവില്ല. മതപരമായ വസ്ത്രധാരണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ അവസാന റിപ്പോര്‍ട്ടിംഗ് സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും (ഉച്ചയ്ക്ക് 12:30 ന്) പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പരിശോധനയ്ക്ക് മതിയായ സമയം ലഭിക്കാനാണ് ഇത്. വാച്ചുകള്‍, വളകള്‍, മറ്റ് ആഭരണങ്ങള്‍ ലോഹ വസ്തുക്കള്‍ എന്നിവയും അനുവദനീയമല്ല.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. ക്രമക്കേട് കണ്ടെത്തിയതോടെ 250 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തു. 26 എം ബി ബിഎസ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ 14 വിദ്യാര്‍ത്ഥികളുടെ പ്രവേശനവും റദ്ദാക്കി.