ഒക്ടോബര്‍ 3 ന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്; കേരളത്തില്‍ ബാധിക്കുമോ?
ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ അടച്ചിടണമെന്നാണ് ആഹ്വാനം

ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) ബില്‍ 2025 നെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (AIMPLB) ഒക്ടോബര്‍ 3 ന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ അടച്ചിടണമെന്നാണ് ബോര്‍ഡിന്റെയും ഭാരവാഹികളുടെയും സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ സംരംഭത്തിന്റേയും ആഹ്വാനം.
വഖഫ് ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രകടനമാണ് ബന്ദ് എന്നും അത് സമാധാനപരമായിരിക്കുമെന്നും ബോര്‍ഡ് പറഞ്ഞു. പ്രതിഷേധം ഒരു സമൂഹത്തിനും എതിരല്ലെന്നും വഖഫ് നിയമത്തിലെ ഭേദഗതികള്‍ക്കെതിരെ കൂട്ടായ ശബ്ദം ഉയര്‍ത്താനുള്ള ശ്രമമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.
പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി ഉള്‍പ്പെടെയുള്ള ബോര്‍ഡ് ഭാരവാഹികള്‍ ഈ വെള്ളിയാഴ്ച പള്ളികളിലെ ഖത്തീബുകളോട് നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമൂഹത്തിന്റെ പൂര്‍ണ്ണഹൃദയത്തോടെയുള്ള പങ്കാളിത്തം നേടാനും അഭ്യര്‍ത്ഥിച്ചു. വഖഫ് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുപകരം, അവയുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം എന്ന് എ.ഐ.എം.പി.എല്‍.ബി വാദിച്ചു.
പുതിയ വഖഫ് നിയമനിര്‍മ്മാണത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നതിനായി എ.ഐ.എം.പി.എല്‍.ബി രാജ്യത്തുടനീളം നടത്തുന്ന നിരവധി ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രകടനം. ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തെ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബില്‍ ദുര്‍ബലപ്പെടുത്തുന്നു. ഭേദഗതികള്‍ വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവയുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുകയാണ് ചെയ്യുന്നത്. ഇത് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടത്തിനും ഉപയോഗത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
അതേസമയം കേരളത്തില്‍ ബന്ദ് എങ്ങനെയായിരിക്കുമെന്ന സൂചനകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബോര്‍ഡ് വിവിധ വിഭാഗങ്ങളുടെ സഹകരണം മാത്രമാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ ഏതെല്ലാം സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും എന്ന കാര്യവും വ്യക്തമല്ല.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും (എ ഐ എം പി എല്‍ ബി) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ ഉണ്ടാകാവുന്ന അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ശനിയാഴ്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ നിയമത്തെ വെല്ലുവിളിക്കുമ്പോഴും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനുപകരം സംഘടനകള്‍ ഒരേസമയം തെരുവില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നത് വിചിത്രമാണെന്നും വി എച്ച് പി പറഞ്ഞു.
പുതിയ സമരങ്ങള്‍ 'ക്രമസമാധാനം തകര്‍ക്കാനും, സംഘര്‍ഷങ്ങള്‍ക്കും അക്രമം പ്രോത്സാഹിപ്പിക്കാനും' കാരണമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. സമൂഹത്തോട്, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് 'ജാഗ്രതയോടെയും സജ്ജമായും' തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.