ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ നടത്തിയത് കനത്ത വ്യോമാക്രമണം

ശ്രീനഗര്‍: ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. വൈകാതെ തന്നെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. പാക് ഡ്രോണുകളെ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. പിന്നാലെ ജമ്മുവിലാകെ സമ്പൂര്‍ണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. പാക് ഭീകരതാവളങ്ങളെ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താന്‍ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തിട്ടു.

ജമ്മുവില്‍ നിന്നാണ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇസ്‌ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകര്‍ത്തു. രണ്ട് ചൈനീസ് നിര്‍മിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. 2 പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

പാക് ആക്രമണത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടയില്‍ രാജൗരിയില്‍ വീണ്ടും പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിര്‍ത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പര്‍വത പ്രദേശമായ മുറി.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവില്‍ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.

അതിനിടെ എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പാക് പ്രകോപനത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഹരിയാന, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it