മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചു

മണിപ്പുര്‍: മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവച്ചു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വൈകിട്ട് മന്ത്രിമാര്‍ക്കൊപ്പം ഇംഫാലിലെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. തിങ്കളാഴ്ച ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രാജി.

പാര്‍ട്ടിയിലെ കുക്കി എംഎല്‍എമാര്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് രാവിലെ ബിരേന്‍ സിങ്ങിനെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് പിസിസി അധ്യക്ഷനും എംഎല്‍എയുമായ കെ മേഘ്‌ന ചന്ദ്രസിങ് ബിരേന്‍ സിങ്ങിനെതിരെ തിങ്കളാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ നോട്ടിസിന് പിന്നാലെ ബിരേന്‍ സിങ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും എല്ലാ എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രാജി എന്ന കേന്ദ്രആവശ്യത്തിന് മുന്നില്‍ ബിരേന്‍ സിങ് വഴങ്ങിയത്. 12 ഭരണകക്ഷി എംഎല്‍എമാരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം.

നിലവില്‍ 60 അംഗ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 49 അംഗങ്ങളുണ്ട്. ബിജെപി - 38, എന്‍പിഎഫ് 6, ജെഡിയു 2, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനും കുക്കി പീപ്പിള്‍ അലയന്‍സിനും 2 വീതം അംഗങ്ങളുണ്ട്. മറ്റൊരു കക്ഷിയായ എന്‍പിപി, നേരത്തേ എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 6 അംഗങ്ങളാണ് നിയമസഭയില്‍ എന്‍പിപിക്ക് ഉള്ളത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മണിപ്പുര്‍. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎല്‍എമാരില്‍ ഉള്‍പ്പെടെ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ് ബിരേന്‍ സിങ് തന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

Related Articles
Next Story
Share it