എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം; ഖലിസ്ഥാന്‍വാദികള്‍ കാറിന് നേരെ പാഞ്ഞടുത്തു, പതാക കീറിയെറിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടയുകയായിരുന്നു. മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു.

ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്, ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടന്‍ പൊലീസ് നിസ്സംഗരായി നിന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. ആക്രമിക്കാന്‍ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിന് പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്.

ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികള്‍ പതാകയേന്തി മുദ്രാവാക്യം വിളിച്ചു. ജയശങ്കര്‍ കാറില്‍ കയറാന്‍ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാള്‍ പാഞ്ഞുവന്നു. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.

കേന്ദ്രമന്ത്രിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തില്‍ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 4 മുതല്‍ 9 വരെ യുകെയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തിയതാണ് ജയശങ്കര്‍. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണത്തില്‍ അടക്കം ചര്‍ച്ച നടക്കും. യുകെയില്‍നിന്നു അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോകും.

Related Articles
Next Story
Share it