കേരളത്തിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ തള്ളി ദുര്‍ഗ് കോടതി; എന്‍ ഐ എ യെ സമീപിക്കാന്‍ നിര്‍ദേശം
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റിലായി കഴിഞ്ഞ 5 ദിവസമായി ജയിലില്‍ കഴിയുന്ന കേരളത്തിലെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി ചത്തീസ് ഗഡ് ദുര്‍ഗിലുള്ള സെഷന്‍സ് കോടതി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
അറസ്റ്റിലായ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി, ബിഎന്‍എസ് (മനുഷ്യക്കടത്ത്) സെക്ഷന്‍ 143 പ്രകാരമുള്ള കേസുകള്‍ കേള്‍ക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി എന്‍ഐഎ കോടതിയെ സമീപിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക.
മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്ത് ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണ് യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ തന്നെ, തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു.
ജൂലൈ 25 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ് ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവം സഭാ നേതാക്കളില്‍ നിന്നും കേരളത്തിലെ ഭരണമുന്നണിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നിരത്തി ഛത്തീസ് ഗഡിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അസുഖബാധിതരായ ഇരുവരേയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതായി ബുധനാഴ്ച ജയിലില്‍ ഇരുവരെയും സന്ദര്‍ശിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) പ്രതിനിധി സംഘം അറിയിച്ചു.
ആശുപത്രി, ഓഫിസ് ജോലികള്‍ക്കായി 2 പെണ്‍കുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസും ബജ് റങ് ദള്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തത്. പെണ്‍കുട്ടികളുടെ കുടുംബവും കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി.
പെണ്‍കുട്ടികള്‍ നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുള്ളത്. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്ന് സി.ബി.സി.ഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസിയുടെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചു.