അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യ കാന്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ബിആര്‍ ഗവായി

ചീഫ് ജസ്റ്റിസായി നിയമിതനായാല്‍ ഹരിയാനയില്‍ നിന്ന് ഉന്നത ജുഡീഷ്യല്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി. നവംബര്‍ 23 ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ കാലാവധി അവസാനിക്കുന്നതിനാലാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. നിയമ മന്ത്രാലയത്തില്‍ നിന്ന് ശുപാര്‍ശയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസ് ആകും.

2027 ഫെബ്രുവരി 9 വരെയാണ് സൂര്യകാന്തിന്റെ കാലാവധി. ഏകദേശം 14 മാസമാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. പാരമ്പര്യമായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ആണ് ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. ചീഫ് ജസ്റ്റിസായി നിയമിതനായാല്‍ ഹരിയാനയില്‍ നിന്ന് ഉന്നത ജുഡീഷ്യല്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും ജസ്റ്റിസ് സൂര്യ കാന്ത്.

ഹരിയാനയിലെ ഹിസാറിലെ ഒരു സാധാരണ ഗ്രാമത്തില്‍ 1962 ഫെബ്രുവരി 10 ന് ആണ് ജസ്റ്റിസ് കാന്തിന്റെ ജനനം. നിയമ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ ജനനം. പിതാവ് ഒരു അധ്യാപകനായിരുന്നു. ഗ്രാമീണ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കാന്ത് 1984 ല്‍ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ (എംഡിയു) നിന്നും നിയമ ബിരുദം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് ഹിസാറിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായി കരിയര്‍ ആരംഭിച്ചു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡീഗഡിലേക്ക് മാറി. 38ാം വയസ്സില്‍ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004 ല്‍, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. അതിനുശേഷവും അദ്ദേഹം തന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 2011 ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

സമതുലിതമായ വിധിന്യായങ്ങള്‍ക്കും ശാന്തമായ പെരുമാറ്റത്തിനും പേരുകേട്ട ജസ്റ്റിസ് കാന്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ 14 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു, 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.

2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി. 2023 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി ശരിവച്ചത് അദ്ദേഹത്തിന്റെ പ്രധാന വിധിന്യായങ്ങളില്‍ ഉള്‍പ്പെടുന്നു. അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി ഉപയോഗിക്കരുതെന്നും തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ വിചാരണകളും അപ്പീലുകളും നടപടികളും നിര്‍ത്തിവയ്ക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച 2022 ലെ ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.

Related Articles
Next Story
Share it