പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന; സ്‌ഫോടക വസ്തുക്കള്‍ അടക്കം കണ്ടെടുത്തു

റോമിയോ ഫോഴ്സും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്‌

ജമ്മു കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ തുടരുന്നതിനിടെ ഭീകരര്‍ക്കായുള്ള തിരിച്ചില്‍ ഊര്‍ജിതമാക്കി ഇന്ത്യന്‍ സൈന്യം. റോമിയോ ഫോഴ്സും ജമ്മു കശ്മീര്‍ പൊലീസും തിങ്കളാഴ്ച പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു.

അഞ്ച് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍, റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, മൂന്ന് പുതപ്പുകള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, യൂറിയ അടങ്ങിയ അഞ്ച് പാക്കറ്റുകള്‍, അഞ്ച് ലിറ്റര്‍ ഗ്യാസ് സിലിണ്ടര്‍, മൂന്ന് കമ്പിളി തൊപ്പികള്‍, ട്രൗസറുകള്‍, പാത്രങ്ങള്‍ എന്നിവ ഒളിത്താവളത്തില്‍ നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കൂടുതലും വിനോദസഞ്ചാരികളാണ്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീര്‍ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം പുല്‍മേടില്‍ നിന്ന് ഓടിപ്പോയ ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്‍സ്പെക്ടര്‍ ജനറല്‍ വി.കെ. ബിര്‍ഡി പൊലീസ്, സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികള്‍, കേന്ദ്ര സായുധ പൊലീസ് സേനകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സംയുക്ത സുരക്ഷാ അവലോകന യോഗം നടത്തിയതിന് പിന്നാലെ സൈന്യം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. സിന്ധു ജല ഉടമ്പടിയും വിസ സേവനവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ കപ്പലുകളെ നിരോധിക്കുക, പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ എയര്‍ലൈന്‍സ് നടത്തുന്ന വിമാനങ്ങള്‍ക്കും പ്രവേശനം നിഷേദിച്ച് വ്യോമാതിര്‍ത്തി അടയ്ക്കുക തുടങ്ങി നിരവധി നയതന്ത്ര, സാമ്പത്തിക നടപടികളാണ് പാകിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ചത്.

ആക്രമണം നടത്തിയവരെയും അത് ആസൂത്രണം ചെയ്തവരെയും കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യം പാകിസ്ഥാനെതിരെ ഒരു സൈനിക ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. അതിനിടെ കഴിഞ്ഞ 11 രാത്രികളായി അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതാണ് കാണുന്നത്.

Related Articles
Next Story
Share it