പാക് ഷെല്ലിങ്ങില്‍ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിര്‍ സര്‍ക്കാര്‍
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള മേഖലകളില്‍ ഒരു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറും 19 ഗ്രാമീണരും കൊല്ലപ്പെട്ടു.

ന്യൂഡല്‍ഹി: പാക് ഷെല്ലിങ്ങില്‍ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിര്‍ സര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള മേഖലകളില്‍ ഒരു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറും 19 ഗ്രാമീണരും കൊല്ലപ്പെട്ടു.
ബുധനാഴ്ച പൂഞ്ചില്‍ 12 സാധാരണക്കാരും വെള്ളിയാഴ്ച ഉറിയിലും പൂഞ്ചിലും രണ്ട് പേരും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് സാധാരണക്കാര്‍ കൂടി മരിച്ചു.
പാകിസ്ഥാനില്‍ നിന്നുള്ള സമീപകാല ഷെല്ലാക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ വളരെയധികം വേദനിക്കുന്നു. നമ്മുടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് എന്റെ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എക്സില്‍ പങ്കിട്ട കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ട പോസ്റ്റ്;
പ്രിയപ്പെട്ട ഒരാള്‍ക്ക് ഒരിക്കലും നഷ്ടപരിഹാരം നല്‍കാനോ കുടുംബത്തിനുണ്ടായ ആഘാതം സുഖപ്പെടുത്താനോ കഴിയില്ലെങ്കിലും, പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സൂചനയായി, മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യ ആശ്വാസധനം നല്‍കും. ദുഃഖത്തിന്റെ ഈ വേളയില്‍ എല്ലാ കുടുംബങ്ങള്‍ക്കുമൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു- എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീര്‍ അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തില്‍ അടക്കം ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങളുണ്ടായി.
ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ളതുമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളം ഉള്‍പ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.
ഇസ്ലാമാബാദില്‍ അടക്കം ഡ്രോണ്‍ ആക്രമണം നടത്തിയതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇന്ത്യ പ്രത്യാക്രമണം നടത്തിയവയില്‍ ഇസ്ലാമാബാദ്, റാവല്‍പിണ്ടി, സിയാല്‍ കോട്ട്, ലാഹോര്‍, പെഷ് വാര്‍, ഗുജ് രണ്‍ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളും ഉള്‍പ്പെടുന്നു. പാക് പോര്‍ വിമാനം തകര്‍ത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 3 പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.