യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

74,000 പാസഞ്ചര്‍ കോച്ചുകളിലും 15,000 ലോക്കോമോട്ടീവ് എഞ്ചിനുകളിലും ക്യാമറകള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമായതിന് പിന്നാലെയാണ് ഇത്.

രാജ്യത്തുടനീളമുള്ള ട്രെയിനുകളിലും സ്റ്റേഷനുകളിലും ഹൈടെക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ഈ സംരംഭത്തിന്റെ ഭാഗമായി ഏകദേശം 74,000 പാസഞ്ചര്‍ കോച്ചുകളിലും 15,000 ലോക്കോമോട്ടീവ് എഞ്ചിനുകളിലും ക്യാമറകള്‍ സ്ഥാപിക്കും.

പദ്ധതി പ്രകാരം, ഓരോ കോച്ചിലും നാല് ക്യാമറകള്‍(രണ്ട് പ്രവേശന പോയിന്റുകളിലും രണ്ട് പൊതു സ്ഥലങ്ങളിലും) സ്ഥാപിക്കും. ഓരോ ലോക്കോമോട്ടീവിലും ആറ് ക്യാമറകള്‍ സ്ഥാപിക്കും. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റര്‍ വരെ വേഗതയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിക്കുക. ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഈ അത്യാധുനിക ക്യാമറകള്‍ക്ക് കഴിയും. അതുവഴി ഓണ്‍ബോര്‍ഡ് നിരീക്ഷണ ശേഷി ഗണ്യമായി മെച്ചപ്പെടുത്തുന്നു. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും ക്യാമറ സ്ഥാപിക്കുക.

പാനിപ്പത്തില്‍ ഒരു സ്ത്രീയെ ട്രെയിനിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് റെയില്‍വെയുടെ പ്രഖ്യാപനം. ഇര പറയുന്നതത് പ്രകാരം, ഭര്‍ത്താവ് അയച്ചതാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയെ സമീപിച്ചു. തുടര്‍ന്ന് അയാള്‍ ഒരു ഒഴിഞ്ഞ കോച്ചിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ വച്ച് അയാളും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് യുവതിയെ ആക്രമിച്ചു. ആക്രമണത്തിന് ശേഷം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയും ഒരു കാല്‍ നഷ്ടപ്പെടുകയും ചെയ്തു.

ഈ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായി. പ്രത്യേകിച്ച് സ്ത്രീ യാത്രക്കാര്‍ക്ക്, ട്രെയിനുകളില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കോച്ചുകളിലും ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

2026 ഒക്ടോബറോടെ എല്ലാ സ്റ്റേഷനുകളിലും ക്യാമറകള്‍

രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത 1.5 വര്‍ഷത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചു. ഇന്ത്യന്‍ റെയില്‍വേ സ്ത്രീ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും വിവിധ സോണുകളിലും ഡിവിഷനുകളിലും ഉടനീളം നിരീക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഒരു പാര്‍ലമെന്ററി സമ്മേളനത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്റ്റേഷനുകളില്‍ നിന്നുള്ള തത്സമയ ഫീഡുകള്‍ നിരീക്ഷിക്കുന്നതിനായി ഡിവിഷന്‍, സോണ്‍, റെയില്‍വേ ബോര്‍ഡ് തലങ്ങളില്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് സംശയാസ്പദമായ ഏതൊരു പ്രവര്‍ത്തനത്തിനും തത്സമയ പ്രതികരണം സാധ്യമാക്കുന്നു.

സുരക്ഷിതമായ റെയില്‍ യാത്രയിലേക്കുള്ള ഒരു ചുവടുവയ്പ്പ്

സിസിടിവി ക്യാമറകള്‍ വിന്യസിക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് തടയുമെന്നും കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളെ സഹായിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. ദിവസേന ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് റെയില്‍വേ സേവനം നല്‍കുന്നതിനാല്‍, എല്ലാ യാത്രക്കാര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതില്‍ മെച്ചപ്പെട്ട നിരീക്ഷണം ആവശ്യമാണ്.

യാത്രക്കാരുടെ ക്ഷേമത്തിലും സുരക്ഷയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് പുതിയ തീരുമാനം.

Related Articles
Next Story
Share it