പാകിസ്ഥാനെതിരെ ആക്രമണം നടത്തിയത് ആകാശ് പ്രതിരോധ മിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ച്; വീഡിയോ പുറത്തുവിട്ട് സൈന്യം
കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: പഹല്‍ ഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടത്. എയര്‍ മാര്‍ഷല്‍ എ കെ ഭാരതി, ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പാകിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതില്‍ പാക് സൈന്യം ഇടപെടുകയാണ് ചെയ്‌തെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാല്‍, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു എന്നും സൈന്യം ചൂണ്ടിക്കാട്ടി.
ഭീകരരര്‍ക്ക് ഒപ്പം നില്‍ക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി നല്‍കിയത്. യുദ്ധത്തില്‍ ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാന്‍ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
പാകിസ്ഥാനിലെ നൂര്‍ഖാന്‍, റഹിംയാര്‍ഖാന്‍ വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. നൂര്‍ഖാന്‍ വിമാനത്താവളം പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 1015 കിലോമീറ്റര്‍ അകലെയാണ്. റഹീംയാര്‍ഖാന്‍ വ്യോമത്താവളം രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ്. പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നിര്‍മിതമാണെന്നും സേന വ്യക്തമാക്കി. പാകിസ്ഥാനില്‍ ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളും ചില വീഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാന്‍ സൈന്യവുമായോ ജനങ്ങളുമായോ അല്ല ഇന്ത്യ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. ഭീകരവാദികളുമായാണ്. എന്നാല്‍ ഏതൊക്കെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന ചോദ്യത്തോട് സൈന്യം പ്രതികരിച്ചില്ല. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റഊഫ് കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന് പല കാര്യങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സൈന്യം മറുപടി നല്‍കിയത്.
തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമിച്ചതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. എന്നാല്‍ ഈ ആക്രമണത്തെ പാകിസ്ഥാന്‍ അവര്‍ക്കെതിരായ ആക്രമണമായി ഏറ്റെടുത്തു. അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ഇക്കാരണത്താല്‍ അവരാണ് ഉത്തരവാദിയെന്നും എ.കെ.ഭാരതി പറഞ്ഞു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്ഥാനില്‍ നിന്നു വന്ന ആക്രമണങ്ങള്‍ തകര്‍ത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമാണ്. ചൈനാ നിര്‍മിത പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈല്‍ അടക്കം പാകിസ്ഥാന്‍ പ്രയോഗിച്ചു. പക്ഷേ അതിനു ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു.
നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതില്‍ പോലെ പ്രവര്‍ത്തിച്ചുവെന്നും അതിനെ തകര്‍ക്കാന്‍ പാക് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങള്‍ തകര്‍ത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചു.
ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാര്‍ഡ് കില്‍ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകര്‍ത്തു. ലോ ലെവല്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍, ഷോള്‍ഡര്‍ ഫയേഡ് മാന്‍ പാഡ്‌സ്, ഹ്രസ്വ ദൂര സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ലോങ്ങ് റേഞ്ച് റോക്കറ്റുകള്‍ തകര്‍ത്തു.
എന്നാല്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ ചൈനീസ് നിര്‍മിത പിഎല്‍ 15 മിസൈല്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കൈവശമുണ്ട്. എന്നാല്‍, പി എല്‍ 15 മിസൈലിന് ലക്ഷ്യം കാണാനായില്ല. അതിന് മുമ്പെ ആക്രമിച്ച് തകര്‍ത്തു. ദീര്‍ഘദൂര മിസൈലുകള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു.
മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു. ചൈനീസ് നിര്‍മിതമായ യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. ക്വാഡ് കോപ്റ്ററുകള്‍ അടക്കമുള്ളവയും വ്യോമസേനയ്ക്ക് ആക്രമിച്ച് തകര്‍ക്കാനായി. നമ്മുടെ എയര്‍ ഫീല്‍ഡുകള്‍ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി
നേരത്തേ തുര്‍ക്കിഷ് നിര്‍മിത ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാകിസ്ഥാന്‍ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തു. സോഫ്റ്റ് ആന്‍ഡ് ഹാര്‍ഡ് കില്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തത്.
പാകിസ്ഥാനിലെ നൂര്‍ഖാന്‍ വിമാനത്താവളം തകര്‍ത്തു. അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് ഞങ്ങള്‍ക്കും കിട്ടിയത്. പാക് ആക്രമണത്തില്‍ വളരെ കുറച്ചു നഷ്ടങ്ങള്‍ മാത്രമാണ് നമ്മുടെ ഭാഗത്ത് ഉണ്ടായത്. പിച്ചോര, ദോസ എകെ, എല്‍എല്‍എഡി ഗണ്‍സ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പാക് ആക്രമണത്തെ തകര്‍ത്തു. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്. തദ്ദേശീയമായി നിര്‍മിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞു.
#WATCH | Delhi | #OperationSindoor | Air Marshal AK Bharti says, "...It is a pity that the Pakistani military chose to intervene and that for terrorists, and hence we chose to respond..." pic.twitter.com/c3sHHKaRKI
— ANI (@ANI) May 12, 2025