ഇന്ത്യ- പാക് സംഘര്‍ഷം: എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി

പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി

കണ്ണൂര്‍: ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പരമാധികാരത്തെ പോറല്‍ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും വ്യക്തമാക്കി.

എങ്ങോട്ടേക്കാണ് ഇത് പോകുന്നതെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ്. അയല്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീക്കുന്നത്. അവിടെ നിന്ന് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യം അത് നല്ല രീതിയില്‍ പ്രതിരോധിക്കുന്നുണ്ട്. അതിനൊപ്പം പൂര്‍ണമായി അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താന്‍ ഉച്ചക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. സര്‍ക്കാര്‍ വാര്‍ഷിക ആഘോഷങ്ങള്‍ തുടരുന്നതിലടക്കം തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Share it