ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ഇതോടെ ഓണ്‍ലൈന്‍ മണി ഗെയിം കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങി

ന്യൂഡല്‍ഹി: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ. ഇതുസംബന്ധിച്ച ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിരോധനം വന്നത്. ഇതോടെ ഓണ്‍ലൈന്‍ മണി ഗെയിം കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ് ഫോമിന് പുറമേ മൊബൈല്‍ പ്രീമിയര്‍ ലീഗ്, പോക്കര്‍ബാസി, മൈ11 സര്‍ക്കിള്‍, സുപ്പി, വിന്‍സോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നല്‍കി തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിന് മുന്‍പ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്.

പണം കൃത്യമായി മടക്കിനല്‍കുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇതോടെ മണി ഗെയിമിങ്ങില്‍ മാത്രം ശ്രദ്ധയൂന്നുന്ന കമ്പനികള്‍ പൂട്ടേണ്ടി വരും. ചില കമ്പനികള്‍ക്ക് ഇതര ഗെയിമിങ് ബിസിനസ് ഉണ്ടെങ്കിലും അതൊന്നും കാര്യമായ ലാഭം നല്‍കുന്നവയായിരുന്നില്ല.

പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായെങ്കിലും ഇത് പ്രാബല്യത്തിലാകുന്ന തീയതി സംബന്ധിച്ച് കേന്ദ്രം ഇതുവരെ വിജ്ഞാപനമിറക്കിയിട്ടില്ല. ഉടന്‍ തന്നെ വിജ്ഞാപനമിറക്കുമെന്നാണ് അറിയുന്നത്. നിലവിലുള്ള ഗെയിമിങ് കമ്പനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉപയോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരു മാസം വരെ സമയം നല്‍കുമെന്നാണ് സൂചന. നിയമം ഉടന്‍ പ്രാബല്യത്തിലാക്കിയാല്‍ ഇത്തരം റീഫണ്ട് പോലും നിയമവിരുദ്ധമായി മാറാം.

നിയമമനുസരിച്ച് നിരോധനത്തിനു ശേഷവും ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ നടത്തുന്നവര്‍ക്കും പണമിടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും 3 വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം. മണി ഗെയിമിനോടുള്ള ആസക്തി, സാമ്പത്തിക ബുദ്ധിമുട്ട്, കൃത്രിമത്വം, പ്രായപൂര്‍ത്തിയാകാത്തവരുടെ ഗെയിമിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുകയാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it