ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; കരുതലോടെ തുടരുന്നു; ജനങ്ങളെ വിവരം അപ്പപ്പോള്‍ അറിയിക്കുമെന്ന് സൈന്യം
ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ഥന

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചുവെങ്കിലും പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വ്യോമസേന. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന പ്രതികരിച്ചു.
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ശനിയാഴ്ച രാത്രി ലംഘിച്ചതിനു ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരെ കണ്ടു. പാകിസ്ഥാന്‍ ഇന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെടിനിറുത്തല്‍ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പാകിസ്ഥാന്‍ അത് ലംഘിച്ചത്. ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ ഷെല്ലിങ് നടത്തി.
ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും പല നഗരങ്ങളിലേക്കും പാകിസ്ഥാന്‍ ഡ്രോണുകള്‍ അയച്ചു. ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമൃത്സര്‍ അടക്കമുള്ള നഗരങ്ങളില്‍ പുലര്‍ച്ച റെഡ് അലര്‍ട്ടുണ്ടായിരുന്നു. തല്‍ക്കാലം ജാഗ്രത തുടരും.
ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാകിസ്ഥാന്‍ വെടിനിറുത്തലിന് തയ്യാറായത്. ശനിയാഴ്ച രാവിലെ 9 മണിക്കും പാകിസ്ഥാന്റെ ഡിജിഎംഒ ഇതിന് സന്നദ്ധത അറിയിച്ച് സന്ദേശം നല്കിയിരുന്നു. വൈകിട്ട് നടന്ന ചര്‍ച്ചയോടെ ധാരണയായി. നദീജല കരാര്‍ അടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.