ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തീപിടിത്തത്തില്‍ പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 17 മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്കുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കുന്നതിനായിസ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

ഗുല്‍സാര്‍ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.

മുകളിലത്തെ നിലയിലെ മുറികളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. തീപിടുത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ വഴിയില്ലാതിരുന്നത് തീ അണയ്ക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

തീപിടിത്തത്തിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ വളരെ ദുഃഖകരമാണെന്നും കേന്ദ്ര സര്‍ക്കാരുമായും പ്രധാനമന്ത്രിയുമായും അപകടത്തെ കുറിച്ച് സംസാരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയും പ്രതികരിച്ചു.

Related Articles
Next Story
Share it