ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി താഴേക്ക് വീണു; രക്ഷകനായി ആര്‍പിഎഫ് ജീവനക്കാരന്‍

വീഡിയോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥന്റെ സമയോചിതമായ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത് നിരവധി പേര്‍

ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ യുവതിക്ക് രക്ഷകനായി ആര്‍പിഎഫ് ജീവനക്കാരന്‍. തമിഴ് നാട്ടിലെ ഈറോഡ് ജംഗ്ഷനില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റെയില്‍വേ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡില്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചു. ഇതോടെ ഉദ്യോഗസ്ഥന്റെ സമയോചിതമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഒരു സ്ത്രീ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍, അവര്‍ ബാലന്‍സ് നഷ്ടപ്പെട്ട് പ്ലാറ്റ് ഫോമിനും ട്രെയിനിന്റെ ഫുട് ബോര്‍ഡിനും ഇടയിലുള്ള വിടവിന് സമീപം അപകടകരമായി വഴുതി വീഴുന്നത് വീഡിയോയില്‍ കാണാം. അവര്‍ വീഴാന്‍ പോകുമ്പോള്‍, സമീപത്ത് നിലയുറപ്പിച്ച ഒരു ആര്‍പിഎഫ് ജീവനക്കാരന്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി അപകടത്തില്‍ നിന്ന് രക്ഷിച്ചു.

ട്രെയിന്‍ പൂര്‍ണ്ണമായും നിര്‍ത്തിയതിനുശേഷം മാത്രമേ യാത്രക്കാര്‍ കയറുകയോ ഇറങ്ങുകയോ ചെയ്യാവൂ എന്ന പ്രധാന ഓര്‍മ്മപ്പെടുത്തലോടെയാണ് മന്ത്രാലയം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

അത് ഇങ്ങനെ: 'തമിഴ് നാട്ടിലെ ഈറോഡ് ജംഗ്ഷനില്‍ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വഴുതി വീണ ഒരു സ്ത്രീ യാത്രക്കാരിയെ ആര്‍പിഎഫ് ജീവനക്കാരുടെ ജാഗ്രത രക്ഷിച്ചു,' അത്തരം അപകടകരമായ പെരുമാറ്റം ഒഴിവാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മന്ത്രാലയം കുറിച്ചു.

ഈ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ ആയിരക്കണക്കിന് ആളുകള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മനസ്സാന്നിധ്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ചു. റെയില്‍വേ അപകടങ്ങള്‍ തടയുന്നതില്‍ സേനയുടെ ജാഗ്രത എത്രത്തോളം നിര്‍ണായകമാണെന്ന് ഊന്നിപ്പറയുന്ന നിരവധി ഉപയോക്താക്കള്‍ അദ്ദേഹത്തെ 'യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍' എന്ന് വിശേഷിപ്പിച്ചു.


Related Articles
Next Story
Share it