വിവാഹ വേദിയില്‍ വച്ച് വരനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രോണ്‍

വിവാഹച്ചടങ്ങുകള്‍ പകര്‍ത്താനെത്തിയ വീഡിയോ ഗ്രാഫറുടെ ഡ്രോണ്‍ രണ്ട് കിലോമീറ്ററോളം അക്രമിയെ പിന്തുടര്‍ന്നു

അമരാവതി: വിവാഹ വേദിയില്‍ വച്ച് വരനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രോണ്‍. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ബദ് നേര പട്ടണത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുന്‍കാല തര്‍ക്കത്തെ തുടര്‍ന്ന് വരന്‍ സുജല്‍ സമുദ്രെയെ സുഹൃത്ത് രാഘോ ജിതേന്ദ്ര ബക്ഷി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഡിസിപി യെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ബക്ഷി സമുദ്രെയുടെ തുടയിലും പുറകിലും കുത്തി, തുടര്‍ന്ന് ബൈക്കില്‍ സുഹൃത്തിനൊപ്പം രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹച്ചടങ്ങുകള്‍ പകര്‍ത്താനെത്തിയ വീഡിയോ ഗ്രാഫറുടെ ഡ്രോണ്‍ രണ്ട് കിലോമീറ്ററോളം അക്രമിയെ പിന്തുടര്‍ന്നു. സംഭവം ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതി ഇരുചക്രവാഹനത്തില്‍ വേദിയില്‍ നിന്ന് ഓടിപ്പോകുന്നതും ഇതില്‍ പതിഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) ഗണേഷ് ഷിന്‍ഡെ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച രാത്രി ബദ് നേര റോഡിലെ സാഹില്‍ ലോണില്‍ വെച്ചാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹ വേദിയില്‍ നിന്ന് ഒരാള്‍ വേഗത്തില്‍ പുറത്തേക്ക് ഓടുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണാം, ബൈക്കില്‍ കാത്തുനില്‍ക്കുന്ന മറ്റൊരാള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു. പ്രതി പിന്‍സീറ്റില്‍ ചാടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, അയാള്‍ പിന്നിലേക്ക് തിരിഞ്ഞ് തന്നെ പിന്തുടരുന്ന ആളെ ഭീഷണിപ്പെടുത്തുന്നു. തുടര്‍ന്ന് ഇരുവരും വേഗത്തില്‍ ഓടി തിരക്കേറിയ ഒരു റോഡിലേക്ക് പ്രവേശിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. രണ്ട് ദിവസം മുമ്പ് പ്രതി ഇരയെ ആക്രമിച്ചതായും ഡിസിപി ഷിന്‍ഡെ പറഞ്ഞു.

ചൊവ്വാഴ്ചത്തെ സംഭവത്തിന് ശേഷം, സമുദ്രെയുടെ ബന്ധുക്കള്‍ ബക്ഷിയുടെ വീട് ആക്രമിക്കുകയും ഒരു ഇരുചക്ര വാഹനത്തിനും ഒരു ടെലിവിഷന്‍ സെറ്റിനും കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കത്തി കൊണ്ടുള്ള ആക്രമണത്തിന് ബക്ഷിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, അതോടൊപ്പം ഇരയുടെ ബന്ധുക്കള്‍ക്കെതിരെയും സമാന പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഡിജെ നൃത്തത്തിനിടെയുണ്ടായ ചെറിയ തര്‍ക്കത്തിന് പിന്നാലെയാണ് വരന് കുത്തേറ്റതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. യുവാവിന് ആഴത്തില്‍ കുത്തേറ്റിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles
Next Story
Share it