ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് 5 ഭീകരര്‍: സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് പാകിസ്ഥാന്‍ സൈന്യവും; വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

ഇവരെല്ലാം തന്നെ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായി ബന്ധപ്പെട്ട തീവ്രവാദികള്‍

ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7 ന് നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍വീര്യമാക്കിയ അഞ്ച് ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. ജമ്മു കശ്മീരിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവയുമായി ബന്ധപ്പെട്ട തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ റിപ്പോര്‍ട്ട് ചെയ്തു.

മുദാസര്‍ ഖാദിയാന്‍ ഖാസ് (അബു ജുന്‍ഡാല്‍)

അബു ജുന്‍ഡാല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുദാസര്‍ ഖാദിയാന്‍ ഖാസ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന അംഗമായിരുന്നു. ലഷ്‌കറിന്റെ നിര്‍ണായക കേന്ദ്രമായ മുരിദ് കെയിലെ മര്‍കസ് തൈബയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചതിന് പിന്നാലെ നടന്ന അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

പാകിസ്ഥാന്‍ സൈനിക മേധാവിയുടെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെയും പേരില്‍ സംസ്‌കാര ചടങ്ങില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന മുദാസറിന്റെ സംസ്‌കാര പ്രാര്‍ത്ഥനയ്ക്ക് ആഗോള ഭീകരനും ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) യുടെ മുതിര്‍ന്ന നേതാവുമായ ഹാഫിസ് അബ്ദുള്‍ റൗഫ് നേതൃത്വം നല്‍കി.

പാകിസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറലും പാകിസ്ഥാന്‍ പഞ്ചാബ് പൊലീസിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലുമായ ഹാഫിസ് മുഹമ്മദ് ജമീലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരനായിരുന്നു അദ്ദേഹം. യുവാക്കളെ തീവ്രവാദവല്‍ക്കരിക്കുന്നതിനും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട ബഹാവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതല ജമീലിനായിരുന്നു.

പാകിസ്ഥാനിലുടനീളം ജെയ്ഷെ മുഹമ്മദിന്റെ അജണ്ടയും സ്വാധീനവും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.

മുഹമ്മദ് യൂസഫ് അസ്ഹര്‍ (ഉസ്താദ് ജി)

ഉസ്താദ് ജി, മുഹമ്മദ് സലിം, ഘോസി സാഹബ് എന്നീ അപരനാമങ്ങളില്‍ മുഹമ്മദ് യൂസഫ് അസ്ഹര്‍ അറിയപ്പെടുന്നു. മൗലാന മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരനായിരുന്നു അസ്ഹര്‍. ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് ആയുധ പരിശീലനത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തത് ഉള്‍പ്പെടെ ജമ്മു-കാശ്മീരില്‍ നടന്ന നിരവധി ഉന്നത ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മരണം ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. കാരണം സംഘടനയുടെ പ്രവര്‍ത്തന തന്ത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു അസ്ഹര്‍.

ഖാലിദ് (അബു ആകാശ)

അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്‌കറെ തയിബ പ്രവര്‍ത്തകനാണ്. ജമ്മുകശ്മീരില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിലേക്കുള്ള ആയുധക്കള്ളക്കടത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഫൈസലാബാദില്‍ നടന്ന ഇയാളുടെ സംസ്‌കാരച്ചടങ്ങിലും പാക്കിസ്ഥാന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തിരുന്നു.

ഫൈസലാബാദില്‍ നടന്ന ഖാലിദിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരും ഫൈസലാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.

മുഹമ്മദ് ഹസ്സന്‍ ഖാന്‍

പാക് അധിനിവേശ കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത ഓപ്പറേഷന്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസ്സന്‍ ഖാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഹസ്സന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Related Articles
Next Story
Share it