വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; അതിഥികള്‍ക്ക് പരിക്കേറ്റു, വേദി അലങ്കോലമായി

വടികളും മരക്കഷണങ്ങളും കയ്യില്‍ കിട്ടിയ മറ്റ് സാധനങ്ങളെല്ലാം എടുത്തായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള അടിപിടി

ആഗ്ര: വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്. തിങ്കളാഴ്ച രാത്രി ആഗ്രയിലെ ലാല്‍ പ്യാര്‍ കി ധര്‍മ്മശാലയില്‍ നടന്ന വിവാഹ ചടങ്ങാണ് വധുവിന്റെ മേക്കപ്പ് വൈകിയെന്ന നിസാര കാരണത്തെ ചൊല്ലി അലങ്കോലമായത്. സംഭവത്തിന് പിന്നാലെ വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം പൊട്ടിപ്പുറപ്പെടുകയും പിന്നീട് അത് സംഘര്‍ഷത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

വടികളും മരക്കഷണങ്ങളും കയ്യില്‍ കിട്ടിയ മറ്റ് സാധനങ്ങളെല്ലാം എടുത്തായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള അടിപിടി. പലര്‍ക്കും പരിക്കേറ്റു. അതിഥികള്‍ ഭയന്ന് ഓടിപ്പോയി. വിവാഹ വേദിയിലെ തോരണങ്ങളും അലങ്കാരങ്ങളുമെല്ലാം അലങ്കോലമായി. സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിപ്പോയി.

പ്രദേശവാസികളും മുതിര്‍ന്നവരും ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഖണ്ഡോളി പൊലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലം കണ്ടു. സംഘര്‍ഷത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് ഇരുവീട്ടുകാരും ഉറപ്പ് നല്‍കി.

ഒടുവില്‍ അനുരഞ്ജനത്തിനുശേഷം, വിവാഹ ചടങ്ങുകള്‍ പുനരാരംഭിച്ചു. ദമ്പതികള്‍ പരമ്പരാഗത ആചാര പ്രകാരം വിവാഹിതരായി. നഗരത്തിലെ അറിയപ്പെടുന്ന ഒരു ആഭരണ വ്യാപാരിയുടെ മകളാണ് വധു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിന് ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും വിഷയം നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles
Next Story
Share it