ബീഹാറില്‍ റോഡരികില്‍ നിന്ന് വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയ സംഭവം;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പട് ന: ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ റോഡരികില്‍ നിന്ന് കൂട്ടത്തോടെ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. സമസ്തിപുരിലെ സറൈരഞ്ജന്‍ മണ്ഡലത്തിലാണ് റോഡില്‍ ചിതറിക്കിടക്കുന്ന നിലയില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. റോഡരികില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ വീണുകിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
സമസ്തിപുരിലെ കെഎസ്ആര്‍ കോളജിന് സമീപമാണ് റോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആര്‍ജെഡി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് വിവിപാറ്റ് സ്ലിപ്പുകള്‍ വലിച്ചെറിഞ്ഞതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് ഉത്തരം നല്‍കുമോയെന്നും ആര്‍ജെഡി നേതൃത്വം ചോദിച്ചു.
'ജനാധിപത്യത്തിലെ കൊള്ളക്കാരുടെ' നിര്‍ദേശപ്രകാരമാണോ ഇതെല്ലാം സംഭവിക്കുന്നതെന്നും ആര്‍ജെഡി എക്‌സ് പോസ്റ്റില്‍ ചോദിക്കുന്നു. അതിനിടെ ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി എംപി മനോജ് കെ ഝാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തെഴുതി.
സംഭവത്തില്‍ ആര്‍ജെഡിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശനവുമായി രംഗത്തുവന്നു.

