ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഗ്ലാസ്സില്‍ ഇടിച്ചുകയറിയ പരുന്ത് ക്യാബിനുള്ളില്‍ കടന്ന് ലോക്കോ പൈലറ്റിന് പരിക്ക്

മുഖത്ത് പരിക്കുകള്‍ ഉണ്ടായിട്ടും റേഡിയോ വഴി ആശയവിനിമയം നടത്തുകയും ഡ്യൂട്ടി തുടരുകയും ചെയ്യുന്ന ലോക്കോമോട്ടീവ് പൈലറ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഗ്ലാസ്സില്‍ ഇടിച്ചുകയറിയ പരുന്ത് ക്യാബിനുള്ളില്‍ കടന്ന് ലോക്കോ പൈലറ്റിന് പരിക്ക്. ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ബിജ് ബെഹാരയ്ക്കും അനന്ത് നാഗ് റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള ബാരാമുള്ള-ബനിഹാല്‍ ട്രെയിനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

പുറത്തുവന്ന ഒരു വീഡിയോയില്‍, ലോക്കോമോട്ടീവ് ക്യാബിന്റെ തറയില്‍ കഴുകനെ വീണുകിടക്കുന്നത് കാണാം. വിന്‍ഡ്സ്‌ക്രീനില്‍ ചുറ്റും കഴുകന്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗ്ലാസ് കഷ്ണങ്ങള്‍ വീണുകിടക്കുന്നതും കാണാം. കഴുകന്‍ ഇടിച്ചതിനെ തുടര്‍ന്ന് മുഖത്ത് പരിക്കുകള്‍ ഉണ്ടായിട്ടും ലോക്കോമോട്ടീവ് പൈലറ്റ് റേഡിയോ വഴി ആശയവിനിമയം നടത്തുന്നതും തന്റെ ഡ്യൂട്ടി തുടരുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തിന് പിന്നാലെ അനന്ത് നാഗ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിവച്ചു, തുടര്‍ന്ന് ലോക്കോമോട്ടീവ് പൈലറ്റിന് പ്രഥമശുശ്രൂഷ നല്‍കി.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സമാനമായ മറ്റൊരു സംഭവത്തില്‍, ആന്ധ്രാപ്രദേശിലെ വിജയവാഡ വിമാനത്താവളത്തില്‍ ഒരു കഴുകന്‍ വിമാനത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതായി ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ് പക്ഷി ഇടിക്കുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

എയര്‍ലൈനിന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, എന്നാണ് ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.


Related Articles
Next Story
Share it