ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരം; മരണവാര്‍ത്തകള്‍ക്കിടയില്‍ പിതാവ് സുഖം പ്രാപിച്ചുവരുന്നതായി സ്ഥിരീകരിച്ച് ഇഷ ഡിയോള്‍
മുംബൈയില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും മകള്‍

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) സുഖം പ്രാപിച്ചുവരികയാണെന്നും മുംബൈയില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും മകള്‍ ഇഷ ഡിയോള്‍. താരത്തിന്റെ മരണവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിതാവ് സുഖം പ്രാപിച്ചുവരുന്നതായുള്ള വിവരം മകള്‍ ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം ഈ വിവരം പങ്കിട്ടത്.
ഇഷയുടെ പോസ്റ്റ്;
'മാധ്യമങ്ങള്‍ അമിതവേഗത്തിലാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും തോന്നുന്നു. എന്റെ പിതാവ് സുഖം പ്രാപിച്ചുവരുന്നു. എല്ലാവരോടും ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പപ്പയുടെ വേഗത്തിലുള്ള സുഖം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.' തന്റെ പോസ്റ്റിലെ കമന്റ് വിഭാഗവും ഇഷ ഓഫ് ചെയ്തു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു ആഴ്ച മുമ്പാണ് ധര്‍മ്മേന്ദ്രയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹേമ മാലിനി, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, കരണ്‍ ഡിയോള്‍, രാജ് വീര്‍ ഡിയോള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ധര്‍മ്മേന്ദ്രയെ 'തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന്' ഉറപ്പുനല്‍കിക്കൊണ്ട് ഹേമ മാലിനിയും ഒരു അപ്ഡേറ്റ് പങ്കിട്ടിരുന്നു.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, അമീഷ പട്ടേല്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഷോലെ, ചുപ്‌കെ ചുപ്‌കെ, ഡ്രീം ഗേള്‍ തുടങ്ങിയ ക്ലാസിക്കുകളിലൂടെ പ്രശസ്തി നേടിയ ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ചത് തേരി ബാത്തോണ്‍ മേന്‍ ഐസ ഉല്‍ജാ ജിയ എന്ന ചിത്രത്തിലാണ്. ഡിസംബര്‍ 25 ന് റിലീസ് ചെയ്യുന്ന ഇക്കിസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

