ഡല്‍ഹി വിധിയെഴുതിത്തുടങ്ങി; മുതിര്‍ന്ന നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവില്‍ ഡല്‍ഹി ജനത വോട്ട് രേഖപ്പെടുത്തി തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ . മുഖ്യമന്ത്രി അദിഷിയും എഎപി നേതാവ് മനീഷ് സിസോദിയയും അടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഭിന്നശേഷിക്കാര്‍ക്കായി 733 ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. 7553 വോട്ടര്‍മാരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 6980 പേര്‍ വോട്ട് രേഖപ്പെടുത്തി.
തുടര്‍ച്ചയായ നാലാംതവണയും അധികാരം ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടിയും ഏത് വിധേനയും അദധികാരം പിടിക്കാന്‍ ബിജെപിയും രംഗത്തിറങ്ങുമ്പോള്‍ നില മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 20 മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. 1.56 കോടി വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്‍മാരും 72.36 ലക്ഷം സ്ത്രീകളും 1267 ട്രാന്‍സ് ജെന്റെര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.2020 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എ എ പി 62 സീറ്റിലും ബിജെപി എട്ടുസീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിനാകട്ടെ സീറ്റൊന്നും ലഭിച്ചില്ല.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.