ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം: ബിജെപി മുന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപിയാണ് മുന്നില്‍. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അരവിന്ദ് കെജ് രിവാള്‍, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവര്‍ പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് തലസ്ഥാനം വേദിയായത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒമ്പത് മണി വരെയുള്ള ഫല സൂചന അനുസരിച്ച് ബിജെപി 37, ആം ആദ്മി 32, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് ലീഡ് നില. 10 മണിയോടെ ട്രെന്‍ഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. ഇതോടെ 27 വര്‍ഷത്തിനുശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഒരുങ്ങുന്നത്. 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ 4 എണ്ണത്തില്‍ എഎപിയാണ് മുന്നില്‍.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിര്‍ണായകമാകും. ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ തുടങ്ങിയ ഏജന്‍സികള്‍ ബിജെപി അമ്പതിലധികം സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിച്ചത്.

60.54% പോളിങ്ങാണ് ഇത്തവണ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 62.59% പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. 15 വര്‍ഷത്തിന് ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിന് ഇന്ന് ഡല്‍ഹി സാക്ഷിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.

Related Articles
Next Story
Share it