ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിയായ സിപി രാധാകൃഷ്ണന്‍ ദൈവനാമത്തില്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിയായ സിപി രാധാകൃഷ്ണന്‍ ദൈവനാമത്തില്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ചുവന്ന കുര്‍ത്ത ധരിച്ചാണ് രാധാകൃഷ്ണന്‍ എത്തിയത്.

സെപ്റ്റംബര്‍ 9 ന് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പ്രതിനിധീകരിച്ച് മത്സരിച്ച 67 കാരനായ രാധാകൃഷ്ണന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. റെഡ്ഡിക്ക് 300 വോട്ട് ലഭിച്ചപ്പോള്‍ 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായി.

ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ രാജിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, വെങ്കയ്യ നായിഡു, ജഗ്ദീപ് ധന്‍ഖര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജിവച്ചതിനുശേഷം ധന്‍ഖര്‍ ആദ്യമായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

1957 മെയ് നാലിന് ജനിച്ച സിപി രാധാകൃഷ്ണന്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ശേഷം ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1974ല്‍ ഭാരതീയ ജനസംഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1996ല്‍ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷനായിരുന്നു.

2016ല്‍ കൊച്ചി കയര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. 2020 മുതല്‍ രണ്ട് വര്‍ഷം കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായിരുന്നു. 2023 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. 2024 ജൂലൈയില്‍ മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാനയുടെയും പുതുച്ചേരിയുടെയും ഗവര്‍ണറായുള്ള ചുമതലയും വഹിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് കൂടി എത്തിയിരിക്കുന്നത്.

Related Articles
Next Story
Share it