വോട്ടര്‍ പട്ടികയിലെ ക്രമക്കേട്;പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍
ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബീഹാറില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശരദ് പവാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് ഹൗസില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ മാര്‍ച്ച് ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ എത്തിയതോടെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരടക്കമുള്ള എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവര്‍ക്ക് ചികിത്സ നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. 14 ദിവസമായി പ്രതിപക്ഷം ആസൂത്രിതമായ രീതിയില്‍ സഭ തടസ്സപ്പെടുത്തുകയാണെന്നും ഇത് ജനാധിപത്യ നടപടിക്രമങ്ങള്‍ക്ക് അനുസൃതമല്ലെന്നും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് കാരണമാകുമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. രാജ്യസഭ തടസ്സപ്പെടുന്നത് കാണുന്നുണ്ടെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു, പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് സമയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ 'ഞങ്ങള്‍ക്ക് നീതി വേണം' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ വീശിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ഇതോടെ രാവിലെ 11.15 ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ സ്പീക്കര്‍ ഉച്ചയ്ക്ക് 2 മണി വരെ സഭ പിരിച്ചുവിട്ടു.
പ്രതിപക്ഷ എംപിമാര്‍ക്ക് വിഷയം ചര്‍ച്ച ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചു. സ്ഥലപരിമിതി കാരണം എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുത്ത 30 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും കമ്മിഷന്‍ വ്യക്തമാക്കി.