ഡല്‍ഹിയില്‍ 'താമര തിളക്കം'; കെജ് രിവാള്‍ യുഗത്തിന് അന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെജ് രിവാള്‍ യുഗത്തിന് അന്ത്യം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വന്‍ തകര്‍ച്ചയാണ് എഎപിക്ക് നേരിടേണ്ടി വന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ലീഡ് നില ആദ്യ ഘട്ടത്തില്‍ മാറി മറിഞ്ഞെങ്കിലും പിന്നീട് ബി ജെ പിയുടെ കുതിപ്പാണ് കണ്ടത്. ദേശീയ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി എഎപിയെ സംബന്ധിച്ച് കനത്ത പ്രഹരമായി. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 47 സീറ്റിലെത്തിയിട്ടുണ്ട്. എഎപി 23 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ പാര്‍ട്ടികള്‍ക്കൊന്നും അക്കൗണ്ട് തുറക്കാനായില്ല.

ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. 1844 വോട്ടിനായിരുന്നു തോല്‍വി. കെജ് രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്.

ജംഗ്പുര മണ്ഡലത്തില്‍ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബിജെപിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 34632 വോട്ട് നേടി.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നിലാണ്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപി തൊട്ടുപിന്നാലെയുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് തലസ്ഥാനം വേദിയായത്.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ എഎപിക്ക് ഇത്തവണ കാലിടറി. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇത്തവണ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എഴ് മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേ സമയം ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങി. ഡല്‍ഹി ബിജെപി അധ്യക്ഷനുമായി ജെപി നദ്ദ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിലാണ് പ്രവര്‍ത്തകര്‍.

Related Articles
Next Story
Share it