പഹല്‍ഗാം ഭീകരാക്രമണം; തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മോദി

ന്യൂഡല്‍ഹി: ബൈസരണ്‍ വാലിയില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാന്‍ സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി തിരിച്ചടിക്കാന്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രഖ്യാപിച്ചത്.
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഗാമിലേത്.