നെഞ്ചുവേദന: എ.ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എ.ആര്‍ റഹ് മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലാണ് എ.ആര്‍. റഹ്‌മാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിഹാസ സംഗീതജ്ഞനും അക്കാദമി അവാര്‍ഡ് ജേതാവുമായ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
റഹ്‌മാന്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴുത്തില്‍ വേദനയുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാകാനുള്ള തീരുമാനത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഹ്‌മാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേ ഉള്ളൂ.
അടുത്തിടെയാണ് റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിഞ്ഞത്. 29 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. അതിനിടെയാണ് പുതിയ സംഭവം.