കള്ളപ്പണം വെളുപ്പിക്കല്‍: അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 25ല്‍ അധികംപേരെ ചോദ്യം ചെയ്തു
യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുള്‍പ്പെടും

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലും മുംബൈയിലുമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറുകളാണ് റെയ്ഡിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 50 ലധികം സ്ഥാപനങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി രേഖകള്‍ പരിശോധിച്ചു. 25 ലധികം വ്യക്തികളെയും ചോദ്യം ചെയ്തു. 35 ഓളം സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളെയും ഓഹരിയുടമകളെയും നിക്ഷേപകരെയും മറ്റു പൊതുസ്ഥാപനങ്ങളെയും കബളിപ്പിച്ച് ജനങ്ങളുടെ പണം തട്ടിയെടുക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
2017- 19 കാലത്ത് യെസ് ബാങ്കില്‍ നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിനെ ആസ്പദമാക്കിയാണ് റെയ്ഡ്.
മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സംശയിക്കുന്നത്. യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍ വായ്പ തിരിച്ചടക്കാത്തതിനാല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ പിടിച്ചെടുത്തിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.
യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുള്‍പ്പെടും. യെസ് ബാങ്ക് ഉദ്യോഗസ്ഥരും പ്രൊമോട്ടറും ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതിനും ബാങ്കിന്റെ വായ്പാ അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ക്കും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ രേഖകളില്‍ തിയതി തിരുത്തി, ശരിയായ പരിശോധന നടത്തിയില്ല, സാമ്പത്തികമായി ദുര്‍ബലമായ നിലയിലുള്ള കമ്പനിക്ക് വായ്പ നല്‍കി തുടങ്ങിയ വീഴ്ചകളാണ് ഇഡി പ്രധാനമായും കണ്ടെത്തിയത്.
നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍.എച്ച്. ബി), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍.എഫ്.ആര്‍.എ), ബാങ്ക് ഓഫ് ബറോഡ എന്നിവയും ഇ ഡിയുമായി കണ്ടെത്തലുകള്‍ പങ്കുവെച്ചിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍.എച്ച്.എഫ്.എല്‍) കോര്‍പ്പറേറ്റ് വായ്പാ പോര്‍ട്ട് ഫോളിയോ 2017-18ല്‍ 3742 കോടി രൂപയില്‍ നിന്ന് 2018-19ല്‍ 8,670 കോടി രൂപയായി വര്‍ധിച്ചതായി സെബിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും (ആര്‍കോം) അനില്‍ അംബാനിയുടെയും അക്കൗണ്ടുകള്‍ 'തട്ടിപ്പ്' അക്കൗണ്ടുകളായും നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. 2020 നവംബറില്‍ എസ് ബി ഐ ആര്‍കോമിനെയും അംബാനിയെയും തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിക്കുകയും 2021 ജനുവരി 5-ന് സി ബി ഐയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ജനുവരി 6-ന് ഡല്‍ഹി ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഉത്തരവിട്ടതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു.