സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

കാലിനും കൈക്കും പരിക്ക്, ശ്വാസകോശത്തില്‍ കറുത്ത പുക കയറിയത് കാരണം ബോധരഹിതനായിരുന്നു, നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ട്‌

ബെംഗളൂരു: സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. ഇളയ മകന്‍ 8 വയസ്സുകാരനായ മാര്‍ക്ക് ശങ്കര്‍ പവനോവിചിന് ആണ് പൊള്ളലേറ്റത്. അമ്മ അന്ന ലേഴ് നേവക്ക് ഒപ്പം സിംഗപ്പൂരില്‍ കഴിയുന്ന കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റതായാണ് വിവരം.

ആരോഗ്യനില തൃപ്തികരമാണെന്നും ശ്വാസകോശത്തില്‍ കറുത്ത പുക കയറിയത് കാരണം ബോധരഹിതനായിരുന്നുവെന്നും നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ജനസേന പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വിവരമറിഞ്ഞതിന് പിന്നാലെ ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി പവന്‍ കല്യാണ്‍ ഉടന്‍ തന്നെ സിംഗപ്പൂരിലേക്ക് പോകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. വലിയ ദുരന്തത്തില്‍ നിന്നാണ് പവന്‍ കല്യാണിന്റെ മകന്‍ രക്ഷപ്പെട്ടത്. ടുമാറ്റോ കുക്കിംഗ് സ്‌കൂള്‍ എന്ന വെക്കേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി. സിംഗപ്പൂരിലെ 278, വാലി റോഡ് എന്ന വിലാസത്തില്‍ ഉള്ള ഷോപ്പ് ഹൗസിലാണ് തീപിടിത്തം ഉണ്ടായത്.

സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ വാര്‍ത്താക്കുറിപ്പ് പ്രകാരം 19 പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതില്‍ 15 പേര്‍ കുട്ടികളാണ്. നാല് മുതിര്‍ന്നവര്‍ക്കും അപകടത്തില്‍ പൊള്ളലേറ്റു. രാവിലെ സിംഗപ്പൂര്‍ സമയം ഒന്‍പതേ മുക്കാലോടെ ആണ് ദുരന്തം ഉണ്ടായത്. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളില്‍ തീ പടര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തെ നിര്‍മാണത്തൊഴിലാളികളും നാട്ടുകാരുമാണ് ആദ്യം ഓടി എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it