ആന്‍ഡമാന്‍ എക്‌സ്പ്രസ് കോച്ചിലെ ചവറ്റുകുട്ടയില്‍ നിന്നും പെരുമ്പാമ്പ് പുറത്തേക്ക്; പരിഭ്രാന്തരായി യാത്രക്കാര്‍

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മുംബൈ: ആന്‍ഡമാന്‍ എക്‌സ്പ്രസ് കോച്ചിലെ ചവറ്റുകുട്ടയില്‍ നിന്നും പെരുമ്പാമ്പ് പുറത്തേക്ക് വന്നത് യാത്രക്കാരില്‍ പരിഭ്രാന്തി ഉണ്ടാക്കി. തിങ്കളാഴ്ച വിജയവാഡയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ എസ്-2 സ്ലീപ്പര്‍ കോച്ചിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പ്രചരിക്കുന്ന ക്ലിപ്പില്‍, കോച്ചിന്റെ വാതിലിനടുത്ത് വച്ചിരുന്ന ഒരു ചവറ്റുകുട്ടയില്‍ നിന്ന് പുറത്തുവന്ന് പതുക്കെ വാതിലിനടുത്തേക്ക് നീങ്ങുന്ന പെരുമ്പാമ്പിനെ കാണാം. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മാറി നിന്നുകൊണ്ട് അപ്രതീക്ഷിതമായ ഈ രംഗം ഫോണുകളില്‍ പകര്‍ത്തുകയായിരുന്നു. ഇഴഞ്ഞുപോകുകയായിരുന്ന പാമ്പ് പിന്നീട് വാതിലിന്റെ ഹാന്‍ഡിലില്‍ ചുറ്റിപ്പിടിച്ചു.

ട്രെയിന്‍ ഡോര്‍ണക്കല്‍ കടന്നയുടനെ പാമ്പിനെ കണ്ട ടിടിഇ വെങ്കിടേശ്വര്‌ലു ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ഗൗഡിനെ വിവരം അറിയിച്ചു. അദ്ദേഹം മസ്താന്‍ എന്ന പാമ്പ് പിടുത്തക്കാരനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഡോര്‍ണക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. അവിടെ എത്തിയ മസ്താന്‍ കോച്ചില്‍ നിന്ന് യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധം പെരുമ്പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തു.

അല്‍പസമയം യാത്ര തടസപ്പെട്ടെങ്കിലും പാമ്പിനെ കൊണ്ട് യാത്രക്കാര്‍ക്ക് ഒരു ശല്യമോ ഉപദ്രവമോ ഉണ്ടായില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാമ്പിനെ പിടികൂടിയ മസ്താനെ ആര്‍പിഎഫ് ജീവനക്കാര്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it