അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ദുരൂഹത; 2 എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തല്‍

ഒരു പൈലറ്റ് എഞ്ചിന്‍ കട്ട് ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കേള്‍ക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ ക്രാഫ് റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(AAIB) പുറത്തിറക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം, ഇപ്പോഴത്തെ അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള പ്രതിബദ്ധത അറിയിച്ചും എയര്‍ ഇന്ത്യയും ബോയിംഗും വീണ്ടും രംഗത്തെത്തി.

പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായതായും അന്വേഷണത്തില്‍ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും 'താന്‍ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതിന്റെയും വോയ്സ് റെക്കോഡും പുറത്തുവന്നിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് വെറും 34 സെക്കന്‍ഡിനുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. യാത്രക്കാരും ജീവനക്കാരും അപകടത്തില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്ന ആളുകളും ഉള്‍പ്പെടെ 275 പേര്‍ അപകടത്തില്‍ മരിച്ചു. വിമാനം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചതിന് ശേഷം ഒരു തീഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു.

'AI171 അപകടത്തില്‍ പരിക്കേറ്റവരുടെയും കുടുംബങ്ങളുടെയും ഐക്യദാര്‍ഢ്യം ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. നഷ്ടത്തില്‍ ഞങ്ങള്‍ തുടര്‍ന്നും ദുഃഖിക്കുന്നു, ഈ ദുഷ്‌കരമായ സമയത്ത് പിന്തുണ നല്‍കാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്' എന്നാണ് എയര്‍ ഇന്ത്യ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

AAIB-യുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായും എയര്‍ലൈന്‍ പറയുന്നു. 'എയര്‍ ഇന്ത്യ റെഗുലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. AAIBയും മറ്റ് അധികാരികളും അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നത് തുടരുന്നു' എന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ നിലവിലുള്ള സ്വഭാവം കാരണം, അപകടത്തിന്റെ പ്രത്യേക വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിന്ന് എയര്‍ലൈന്‍ വിട്ടുനിന്നു.

അനുശോചനം രേഖപ്പെടുത്തി ബോയിംഗും പ്രസ്താവന പുറപ്പെടുവിച്ചു. 'എയര്‍ ഇന്ത്യ ഫ് ളൈറ്റ് 171-ലെ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രിയപ്പെട്ടവരോടും അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എല്ലാവരോടും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അന്വേഷണത്തെയും ഉപഭോക്താക്കളെയും പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരുന്നു,' എന്നാണ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞത്.

അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്;

1. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

2. ജൂണ്‍ 12 ന് അഹമ്മദാബാദിലാണ് എയര്‍ ഇന്ത്യ ബോയിങ് 7878-8 ഡ്രീംലൈവര്‍ വിമാനം അപകടത്തില്‍പെട്ടത്.

3. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപകടം സംഭവിച്ചു. 600 അടി ഉയരത്തില്‍ വെച്ചാണ് വിമാനം നിലംപതിച്ചത്.

4. കെട്ടിടങ്ങളില്‍ ഇടിച്ച് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം പൂര്‍ണ്ണമായി നശിച്ചു.

5. റണ്‍വേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.

6. 1000x400 അടി വിസ്തീര്‍ണ്ണത്തില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നു.

7. വിമാനത്തില്‍ രണ്ട് എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ് ളൈറ്റ് റെക്കോര്‍ഡറുകള്‍ ഉണ്ടായിരുന്നു. ഒരു ഇ.എ.എഫ്.ആറില്‍ നിന്ന് ഏകദേശം 49 മണിക്കൂര്‍ ഫ് ളൈറ്റ് ഡാറ്റയും 2 മണിക്കൂര്‍ ഓഡിയോയും ലഭിച്ചു. എന്നാല്‍, പിന്‍ഭാഗത്തെ ഇ.എ.എഫ്.ആറിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല.

8. വിമാനം 08:07:37 സെക്കന്‍ഡില്‍ ടേക്ക് ഓഫ് റോള്‍ ആരംഭിച്ചു. 08:08:33 സെക്കന്‍ഡില്‍ വി1 സ്പീഡും 08:08:35 ന് വിആര്‍ സ്പീഡും കൈവരിച്ചു.

9. 08:08:39 സെക്കന്‍ഡില്‍ വിമാനം ഉയര്‍ന്നു. 08:08:42 സെക്കന്‍ഡില്‍ വേഗത 180 നോട്ട്‌സ്ല്‍ എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിന്‍ 1, എഞ്ചിന്‍ 2 എന്നിവയുടെ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ചുകള്‍ 'റണ്‍' പൊസിഷനില്‍ നിന്ന് 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറി.

10. ഒരു പൈലറ്റ് എഞ്ചിന്‍ കട്ട് ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡിംഗില്‍ വ്യക്തമായി കേള്‍ക്കാം.

11. റാം എയര്‍ ടര്‍ബൈന്‍ വിന്യസിക്കപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

12. വിമാനത്തില്‍ നിന്ന് 'മെയ് ഡേ' കോള്‍ ലഭിച്ചത് 08:09:05 സെക്കന്‍ഡില്‍ എഞ്ചിന്‍ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ചുകള്‍ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും 'റണ്‍' പൊസിഷനിലേക്ക് മാറ്റി എഞ്ചിനുകള്‍ക്ക് പൂര്‍ണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ വിമാനം തകര്‍ന്നു.

13. വിമാനത്തിന്റെ മെയിന്റനന്‍സ് ചരിത്രത്തില്‍ 2019 ലും 2023 ലും ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാല്‍ ഇത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.

14. വിമാനത്തില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു.

15. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല

16. ഇരു പൈലറ്റുമാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ആവശ്യത്തിന് വിശ്രമം ലഭിച്ചു

17. നിലവില്‍ ഈ വിമാനത്തിന്റെ എഞ്ചിന്‍ ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പ്രത്യേക ശുപാര്‍ശകള്‍ ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൂടുതല്‍ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുന്നു.

Related Articles
Next Story
Share it