ഉത്സവ സീസണ്‍ പ്രമാണിച്ച് യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജുമായി' റെയില്‍വേ; റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്താല്‍ 20 ശതമാനം ഇളവ്

ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഉത്സവ സീസണ്‍ പ്രമാണിച്ച് യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ്' അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. വരാനിരിക്കുന്ന ദീപാവലി, ഛാത്ത് തുടങ്ങിയ ഉത്സവ സീസണുകളെ ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഉത്സവം പ്രമാണിച്ച് സ്വന്തം നാടുകളിലേക്ക് പോകുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ ഈ നീക്കം. ഇത് തടസ്സരഹിതമായ ടിക്കറ്റ് ബുക്കിംഗ് ഉറപ്പാക്കുകയും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റെയില്‍വെ അറിയിച്ചു. ഒരേസമയം യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍.

യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. 'റൗണ്ട് ട്രിപ്പ് പാക്കേജ്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.

റെയില്‍വേയുടെ ബുക്കിങ് വെബ് സൈറ്റിലെ 'കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍' വഴി 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. മാത്രമല്ല ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും - 2025 ഒക്ടോബര്‍ 26 നും ഇടയിലുള്ള യാത്രാ കാലയളവിലും ആയിരിക്കണം.

യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും.

റൗണ്ട് ട്രിപ്പ് പാക്കേജ് സ്‌കീം പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ടിക്കറ്റ് നിരക്ക് റീഫണ്ട് അനുവദനീയമല്ലെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു. 'ഡിസ് കൗണ്ട്, റെയില്‍ യാത്രാ കൂപ്പണുകള്‍, വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ബുക്കിംഗ്, പാസുകള്‍ അല്ലെങ്കില്‍ പിടിഒകള്‍ മുതലായവ കണ്‍സഷന്‍ നിരക്കില്‍ മടക്കയാത്ര ബുക്കിംഗ് നടത്തുമ്പോള്‍ അനുവദനീയമല്ല,' എന്നും പ്രസ്താവനയില്‍ പറയുന്നു.

'ഫ്‌ലെക്‌സി നിരക്ക് ഉള്ള ട്രെയിനുകള്‍ ഒഴികെ, എല്ലാ ക്ലാസുകളിലും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും മുകളില്‍ പറഞ്ഞ പദ്ധതി അനുവദനീയമാണ്. രണ്ട് യാത്രകളിലും ഈ ടിക്കറ്റുകളില്‍ ഒരു മാറ്റവും അനുവദിക്കില്ല. മുന്നോട്ടുള്ള യാത്രയ്ക്കും മടക്കയാത്രയ്ക്കും ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ കൗണ്ടര്‍ ബുക്കിംഗ് പ്രകാരം ഒരേ മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യണം' എന്നും റെയില്‍വേ അറിയിച്ചു.

Related Articles
Next Story
Share it